Wednesday, October 3, 2012

ഇന്ത്യയിലെ ഫുട്ബോള്‍ പ്രതിഭാശാല പൂട്ടിയോ?

2012 നെഹ്‌റു കപ്പ് നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം 
ആഫ്രിക്കന്‍ സിംഹങ്ങളായ കാമറൂണിന്‍റെ കിരീടമോഹങ്ങള്‍ തകര്‍ത്ത്‌ നെഹ്‌റു കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ ഹാട്രിക്‌ വിജയഭേരി നാം കണ്ടു. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു തലക്കെട്ട്‌ ഇവിടെ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കും. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍റെ  75êÞ¢ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നെഹ്‌റു കപ്പിലെ ഹാട്രിക്‌ കിരീടം കൊണ്ട് ടീം ഇന്ത്യ തിലകക്കുറി ചാര്‍ത്തിയപ്പോള്‍ പ്രത്യേകിച്ചും.  ഡല്‍ഹിയില്‍ ടീം ഇന്ത്യ കിരീടം ഉയര്‍ത്തുമ്പോള്‍ ഒരു മലയാളി കളിക്കാരന്‍ പോലും ടീമിലെ റിസേര്‍വ് ബെഞ്ചില്‍ പോലും ഇല്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഒരു കാലത്ത്‌ ഇന്ത്യന്‍ ഫുട്ബോളിന്‍റെ  പ്രതിഭാശാലയായിരുന്നു കേരളം. ഇന്ന് എന്ത് പറ്റി ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതിഭാ ഫാക്ടറിക്ക്?

ഡച്ചുകാരന്‍ കോച്ച് കോവര്‍മാന്‍സിന്‍റെ കീഴില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണ്. ഇന്ത്യയുടെ പഴയ കിക്ക്‌ ആന്‍ഡ്‌ റണ്‍ ശൈലി വിട്ട് മനോഹരമായ പാസിംഗ് ഗെയിം കൂടി കണ്ട ഒരു ടൂര്‍ണമെന്ടായിരുന്നു ഇത്തവണത്തെ നെഹ്‌റു കപ്പ്. ടോട്ടല്‍ ഫുട്ബോളിന്‍റെ വക്താക്കളായ ഹോളണ്ടില്‍ നിന്നും വന്ന പുതിയ കോച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചപ്പോള്‍ അതിന്‍റെ ഗുണഭോക്താവാവാന്‍ ഒരു മലയാളി താരം പോലുമില്ല എന്നത് കേരളത്തിലെ കായിക ഭരണകര്‍ത്താക്കന്മാര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. 

ഇന്ത്യന്‍ നായകന്‍ സുനില്‍ ചെത്രിയും, കോച്ച് കിം കോവര്‍ മാന്‍സും
എന്തുപറ്റി കേരളത്തിനെന്ന എന്നെപ്പോലെയുള്ള കാല്‍പന്തു കളിയെ സ്നേഹിക്കുന്നവരുടെ ചോദ്യത്തിന് ആരുത്തരം പറയും?. നിലച്ചുപോയ ടൂര്‍ണമെന്റുകളുടെ ഓര്‍മ്മകളും, കുറെ നല്ല കളിക്കാരെ കുറിച്ചുള്ള മേനിപറച്ചിലുമല്ലാതെ എന്തുണ്ട് കേരളത്തിന്?. ഓരോ സന്തോഷ്‌ ട്രോഫിക്കും കേരളം പോകുമ്പോള്‍ കേട്ടുതുടങ്ങുന്നത് ഐ.എം വിജയനടക്കമുള്ള പഴയ താരങ്ങളുടെ കഴിവിനെ കുറിച്ചുള്ള കഥകളാണ്.  1973-ല്‍ റെയില്‍വേസിനെ പരാജയപ്പെടുത്തി ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തില്‍ കേരളം സന്തോഷ്‌ ട്രോഫിയില്‍ ജേതാക്കളായത് മുതല്‍ തുടങ്ങും ചരിത്രം പറച്ചില്. സേവിയര്‍ പയാസിന്‍റെ, എന്‍.എം. നജീബിന്‍റെ, വി.പി. സത്യന്‍റെ, ഷറഫലിയുടെ, പാപ്പച്ചന്‍റെ, ചാക്കോയുടെ, ഐ.എം. വിജയന്‍റെ, വി.പി. ഷാജിയുടെ, ജോപോള്‍ അഞ്ചേരിയുടെ കാലം വരെയുള്ള കഥകള്‍ നാം കേള്‍ക്കും. സന്തോഷ്‌ ട്രോഫി കളിക്കാനായി തട്ടിക്കൂട്ടിയെടുക്കുന്ന ടീമിന്‍റെ ഏക ഉത്തേജക മരുന്നാണ് ഈ കഥകള്‍. പക്ഷെ സമ്പന്നാമായ ഭൂതകാലം കളിക്കളത്തില്‍ തെല്ലും സഹായിക്കില്ല എന്ന തിരിച്ചറിവാണ്‌ ഈയിടെ നടന്ന സന്തോഷ്‌ ട്രോഫികള്‍ നമുക്ക് നല്‍കിയത്.

ഐ.എം വിജയന്‍റെ കുതിപ്പ് 
കേരളത്തിനു പിഴക്കുന്നത് എവിടെയാണ്?. മലപ്പുറം പോലെയുള്ള ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്ത നാടുകളില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. പക്ഷെ അവരെ അന്താരാഷ്‌ട്ര നിലവാരത്തിലെക്കെത്തിക്കാന്‍ ഇന്നത്തെ കായിക ഭരണകൂടത്തിനു കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളം ദേശീയ ഫുട്ബോളില്‍ വ്യക്തമായ മേല്‍ക്കോയ്മ നേടിയിരുന്നത് കേരളത്തിന്‌ സ്വന്തമായി ടീമുകള്‍ ഉണ്ടായിരുന്ന കാലത്താണ്. പ്രീമിയര്‍ ടയേര്‍സും, കേരള പോലീസും, എസ്.ബി.ടി യും, ടൈറ്റാനിയവും, കെല്‍ട്രോനും, എഫ്. സി കൊച്ചിനുമൊക്കെ സജീവമായിരുന്ന കാലത്ത് ദേശീയ തലത്തില്‍ കേരള ഫുട്ബോള്‍ പ്രതിഭകളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി ഒന്ന് എടുത്തു നോക്കൂ. മികച്ച രീതിയില്‍ കളിക്കുന്ന കളിക്കാരുള്ള എത്ര ക്ലബ്ബുകള്‍ കേരളത്തിലുണ്ട്?. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ്‌ ആയിരുന്ന എഫ്.സി കൊച്ചിന് സംഭവിച്ചത് തന്നെയല്ലേ ഇന്ന് വിവാ കേരളയ്ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പുതിയ മാനേജ്മെന്റിനു കീഴില്‍ ഐ - ലീഗ് കളിച്ച അവര്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. ഇന്ന് നമ്മുടെ ദേശീയ ലീഗില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായതിനു ഉത്തരവാദികള്‍ ആരാണ്?.

എഫ്.സി കൊച്ചിന്‍ ടീം അതിന്‍റെ സുവര്‍ണ്ണ കാലത്ത് 
കേരളത്തില്‍ ഇപ്പോഴുള്ള മികച്ച താരങ്ങളെ കുറിച്ച് ധാരനയുണ്ടാക്കാനും അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തി തന്ത്രങ്ങള്‍ രൂപപ്പെടുത്താനും പരിശീലകര്‍ക്കും സാധിക്കുന്നില്ല.  പക്ഷെ അവരെ മാത്രം കുറ്റം പറഞ്ഞത് കൊണ്ടും കാര്യമില്ല. കെ.എഫ്.എ യുടെ പദ്ധതികളിലാണ് സമൂലമായ മാറ്റം കൊണ്ടുവരേണ്ടത്. സന്തോഷ്‌ ട്രോഫിക്കുള്ള പരിശീലകനെ  ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന്‍റെ രണ്ടു മാസം മുമ്പ്‌ നിയമിക്കുന്ന രീതി മാറണം. ഈയിടെ കോച്ച് എം.എം ജേക്കബ്‌ അഭിപ്രായപ്പെട്ടത് പോലെ ചുരുങ്ങിയത് ഒരു വര്‍ഷം മുമ്പെങ്കിലും നിയമിക്കണം. ഈ കാലയളവിനുള്ളില്‍ കളികള്‍ കണ്ട് കൊച്ചിന് കളിക്കാരെ കണ്ടെത്താനാവും. ഇവിടെയെല്ലാം ചടങ്ങിനു വേണ്ടി ചെയ്തു തീര്‍ക്കുന്ന കെ.എഫ്.എ മിഴി തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

നമ്മുടെ ഫുട്ബോളും നമ്മുടെ താരങ്ങളും നമ്മളില്‍ നിന്ന് അകന്നു പോയി. ഇത് തന്നെയാണ് കേരള ഫുട്ബോളിന് സംഭവിച്ച ദുരന്തങ്ങളിലൊന്ന്. മുന്‍ കാലങ്ങളില്‍ കേരളത്തിന്‍റെ ടീമില്‍ ഇടം കിട്ടുക എന്നത് ഒരു താരത്തിന്‍റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു.  ആ കാലങ്ങളിലെ കളിക്കാരുടെ പേരുകള്‍ ഇന്നും വള്ളിപുള്ളി വ്യത്യാസമില്ലാതെ നമുക്ക് പറയാന്‍ കഴിയും. ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസിലെയും 1992 ലെയും   1993 ലെയും സന്തോഷ്‌ ട്രോഫി നേടിയ  കേരള ടീമിലെയും താരങ്ങള്‍ ആരൊക്കെയാണെന്ന് ഓര്‍ത്ത്‌ നോക്കിയേ. എന്‍റെ കുട്ടിക്കാലത്ത്  നടന്ന സംഭവങ്ങളായിട്ട് കൂടി ആ പേരുകള്‍ മറന്നിട്ടില്ല.  ചാക്കോ, യു. ഷറഫലി, സത്യന്‍, പാപ്പച്ചന്‍, കുരികേഷ്‌ മാത്യു, ഹര്‍ഷന്‍, മാത്യു വര്‍ഗീസ്‌, രാജീവ്‌ കുമാര്‍, അജിത്‌ കുമാര്‍, വിജയന്‍ തുടങ്ങിയവരെയൊന്നും ഒരു കാലത്തും മലയാളികള്‍ മറക്കില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആവര്‍ത്തിക്കപ്പെട്ട കേരള താരങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് എളുപ്പമാവില്ല.  അതാണ്‌ ഞാന്‍ പറഞ്ഞത് നമ്മുടെ ഫുട്ബോളും നമ്മുടെ കളിക്കാരും നമ്മളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടങ്കം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും, ജര്‍മന്‍ ബുണ്ടസ് ലീഗയെയും, സ്പാനിഷ് ലാലീഗയെയും, ഇറ്റാലിയന്‍ സീരി - എ യുമൊക്കെ ആശ്രയിച്ചു രാത്രിയിലെ ഉറക്കം ഒഴിവാക്കി പകലുറങ്ങുന്നവരായി മാറിയത്‌..

1992 - ലെ സന്തോഷ്‌ ട്രോഫി നേടിയ കേരള ടീം വി.പി സത്യന്‍റെ നേതൃത്വത്തില്‍ വിജയാഹ്ലാദം നടത്തുന്നു.
താഴെത്തട്ട് മുതലുള്ള ഫുട്ബോള്‍ വികസനമാണ് കെ.എഫ്.എ ലക്‌ഷ്യം വെക്കേണ്ടത്.  മണിക്കൂര്‍ തോറും പ്രഖ്യാപനം നടത്തുന്ന നമ്മുടെ കായിക മന്ത്രിക്ക്‌ ഒരു ഫുട്ബോള്‍ അക്കാദമിയെ കൂടി ആ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്തിക്കൂടെ.  കൊച്ചിയില്‍ അംബേദ്കറുടെ പേരിലുള്ള സ്റ്റേഡിയം, കോട്ടയത്തെ നാഗമ്പടം നെഹ്‌റു സ്റ്റേഡിയം, തിരുപനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം ഇവയൊക്കെ ഇന്ന് പൊതുപരിപാടികള്‍ക്കായി വിട്ടുകൊടുക്കുന്നത് തുടര്‍ക്കഥയായതോടെ കായിക താരങ്ങള്‍ക്ക് അന്യമാവുന്നു. മൈതാനം കായിക താരങ്ങളുടെ പരിശീലനത്തിന് നല്‍കുന്നതിനേക്കാള്‍ അധികൃതര്‍ക്ക്‌ താല്‍പര്യം മറ്റു പൊതുപരിപാടികള്‍ക്ക് നല്‍കുന്നതിലാണ്. 


ഓണാഘോഷത്തോട് അനുബന്ധിച്ച് ഏകദേശം ഒരാഴ്ചയോളം ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തിയത് കോട്ടയത്തെ നെഹ്‌റു സ്റ്റേഡിയാത്തിലായിരുന്നു. സ്റ്റേഡിയത്തിന് നടുവിലായി കാറുകള്‍ ഇട്ടതോടെ ഫുട്ബോള്‍ പരിശീലനം പൂര്‍ണ്ണമായും നിലച്ചു.   ഈ ദിവസങ്ങളില്‍ കായികതാരങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പോലും നിഷേധിച്ച അവസ്ഥയായിരുന്നു. നഗരത്തില്‍ കാര്‍മേളകള്‍ നടത്താനും, ഹെലികോപറ്റര്‍ ഇറക്കാനും മറ്റു നിരവധി സ്ഥലങ്ങള്‍ ഉള്ളപ്പോഴാണ് കായിക കേരളത്തിന്‍റെ കുതിപ്പിന് കരുത്താവേണ്ട പുത്തന്‍ താരങ്ങളുടെ പരിശീലനം മുടക്കുന്ന മേളകളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.  സ്പോര്‍ട്സ്‌ പരിപാടികള്‍ക്കല്ലാതെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കെ സ്റ്റേഡിയം വിട്ടുനല്‍കാവൂ എന്നതാണ് വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. ഫുട്ബോളിന്‍റെ ഈറ്റില്ലമായ മലബാറിലെ പല ഗ്രൗണ്ട്കളും മയക്കുമരുന്ന് കച്ചവടക്കാരുടെയും ലൈംഗികത്തൊഴിലാളികളുടെയും കേന്ദ്രമായി കിടക്കുന്നു. ആയിരം സ്റ്റേഡിയങ്ങളുണ്ടാക്കുകയല്ല ഉള്ള സ്റ്റേഡിയം നന്നായി നോക്കുക എന്നതാണ് കായികരംഗത്തെ ആദ്യ ബാലപാഠം. 



അംബേദ്‌കര്‍ സ്റ്റേഡിയം 

നമ്മുടെ ഫുട്ബോള്‍ രക്ഷപ്പെടണമെങ്കില്‍ വളരെ മികച്ച ഭൌതിക ഘടന ആവശ്യമുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ഭരണപരമായ സംവിധാനം വേണം. വിദേശ രാജ്യങ്ങളിലെ പോലെ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കോര്‍പറേറ്റുകളുടെ ഭാഗത്ത്‌ നിന്നും നല്ല പിന്തുണ ലഭിക്കണം. എങ്കില്‍ മാത്രമേ ഫുട്ബോള്‍ വികസനം സാധ്യമാവുകയുള്ളൂ.

ഫുട്ബോള്‍ കളിക്കാന്‍ താല്‍പര്യമുള്ള കുട്ടികളെ അഞ്ചാം വയസ്സില്‍ തന്നെ കണ്ടെത്തണം. സ്കൂള്‍ പഠനത്തോടൊപ്പം തന്നെ കളിക്കാനുള്ള അവസരമൊരുക്കുക. ഏഴു വയസ്സിനു താഴെയുള്ള വിഭാഗം മുതല്‍ ഔദ്യോഗിക മത്സരങ്ങളുണ്ട്. ക്ലബ്ബുകള്‍ ഇതിനായി അക്കാദമികള്‍ തുടങ്ങണം. രണ്ടു വര്‍ഷം ഈ കുട്ടികളെ വിലയിരുത്തുക. കഴിവുള്ളവരെ നിലനിര്‍ത്തുക അല്ലാത്തവരെ മടക്കിയയക്കുക. ലോകത്ത് വിജയം കൈവരിച്ചിട്ടുള്ള പ്രമുഖ ക്ലബ്ബുകളെല്ലാം അവലംബിച്ച് കൊണ്ടിരിക്കുന്ന ശൈലിയാണിത്. ഈ ആശയം പ്രായോഗികമാക്കി വിജയം കൈവരിച്ച പ്രമുഖ ക്ലബ്ബാണ് സ്പെയിനിലെ  ബാര്‍സിലോണ.  സാവിയും, മെസ്സിയും, പുയോളും, പിക്കെയും, പെഡ്രോയുമെല്ലാം ബാര്‍സയുടെ അക്കാദമിയില്‍ ആറാം വയസ്സ് മുതല്‍ ഒപ്പം കളിക്കുന്നു. ഇത് തന്നെയാണ് ലോകത്തേറ്റവും മനോഹരമായ പാസിംഗ് ഗെയിം കളിക്കുന്ന ബാര്‍സലോണയുടെ വിജയരഹസ്യം. സ്പെയിനില്‍ അത്തരം പദ്ധതികള്‍ ആവിഷകാരിച്ച് നടപ്പിലാക്കിയതിന്‍റെ ഫലമായിട്ടാണ് അവര്‍ ഇന്ന് ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരുമൊക്കെയായി ലോക ഫുട്ബോളിന്‍റെ അമരക്കാരായി മാറിയത്.



2011 -ല്‍ പുറത്തിറങ്ങിയ സെപ്റ്റ് ബാച്ച്

ഫുട്ബോളില്‍ മികവ് പുലര്‍ത്തുന്ന കൊച്ചു കുട്ടികളെ  കണ്ടെത്തി പരിശീലനം നല്‍കുന്നതില്‍ സജീവമായി രംഗത്തുള്ള സെപ്റ്റ് (Sports and Education Promotion Trust) ഇന്ത്യയില്‍ ഇതിനകം തന്നെ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഫിന്‍ലാന്റില്‍ നടന്ന കൊക്കക്കോള കപ്പ്‌ വിജയമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. സെപ്റ്റില്‍ ഏഴ് വര്‍ഷത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ   ആദ്യ ബാച്ചിലെ ഹനാന്‍ ജാവേദിനെയും, അനിസിനെയും, ലാസിം അലിയെയുമൊക്കെ ഭാവിയില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ നമുക്ക് കാണാം. ഇതില്‍ തന്നെ ജാവേദും, അനീസും ഫ്ലോറിഡയിലെ ഫുട്ബോള്‍ അക്കാദമിയില്‍ ഇപ്പോഴും പരിശീലനം നടത്തുന്നുണ്ട്. 2004 -ല്‍ അരുണ്‍ കെ. നാണുവിന്‍റെ നേതൃത്വത്തില്‍ ആറു ഫുട്ബോള്‍ പ്രേമികള്‍ തുടങ്ങിയ സംഘടനയാണ് സെപ്റ്റ്. അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. വിദേശത്ത്‌ പോയി പരിശീലനം നടത്താനും, വിദേശ കോച്ചുകളെ ഇവിടെ കൊണ്ടുവരാനുമൊക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് സെപ്റ്റിനു ആവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടതായിട്ടുണ്ട്.

എന്ത് പറ്റി മലയാളനാടിന്‍റെ ടൂര്‍ണമെന്റുകള്‍ക്ക്? നാഗ്ജി, ചാക്കോള, ശ്രീനാരായണ, സിസേര്‍സ് കപ്പ്, നെഹ്‌റു ട്രോഫി, കണ്ണൂരിലെ കോരന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ ട്രോഫി, തൃശൂരിലെ എന്‍.ഐ. ഡേവിഡ്‌ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അങ്ങനെ ഓര്‍മ്മകളായി മറഞ്ഞു പോയ എത്രയെത്ര ടൂര്‍ണമെന്റുകള്‍ ഉണ്ടായിരുന്നു. അതായിരുന്നു കേരള ഫുട്ബോളിന്‍റെ സുവര്‍ണ്ണകാലം. കോഴിക്കോട്ടെ മുള ഗാലറി മാറി മനോഹരമായ സ്റ്റേഡിയം വന്നു. പക്ഷെ കാല്‍പന്തു കളിയുടെ ചടുല സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം ഇന്നത്തെ കോഴിക്കോട്ടുകാര്‍ക്ക് ഭാഗ്യമില്ലാതെ പോയി.  ഈ അവസ്ഥക്ക് മാറ്റം വന്നെങ്കിലേ നമ്മുടെ കായിക സ്വപ്‌നങ്ങള്‍ പൂവണിയുകയുള്ളൂ. നിലച്ചു പോയ ടൂര്‍ണമെന്റുകള്‍ പുനസ്ഥാപിക്കാന്‍  അധികൃതരുടെ ഭാഗത്ത്‌ നിന്ന് ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നമ്മുടെ പന്തിലും കാറ്റ്‌ നിറയുകയുള്ളൂ.



ഓര്‍മ്മകളായി മാറിയ തൃശൂരിലെ ഫുട്ബോള്‍ ടൂര്‍ണമെന്റ്
ഇന്ത്യ ഇന്ന് ഫുട്ബോളിന്‍റെ വലിയ വിപണിയായി വളര്‍ന്നു വരികയാണ്. ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ വിദേശ ക്ലബ്ബുകള്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ നായകന്‍ സുനില്‍ ചേത്രി പോര്‍ചുഗലിന്റെ മുന്‍നിര ക്ലബ്‌ ആയ സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ ചേക്കേറിയത് ഇത്തരം ശ്രമത്തിന്‍റെ ഭാഗമായി കാണാം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ കൈപിടിക്കാന്‍  ഫിഫ തയ്യാറാവുന്ന കാഴ്ചയാണ് നാം കാണുന്നത്.  ഇന്ത്യയിലെ ഫുട്ബോള്‍ വികസനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഫിഫ സെക്രടറി ജനറല്‍ ജെറോം വാല്‍ക്കം ഡല്‍ഹിയിലെത്തി ഫെഡറഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി.ഇന്ത്യന്‍ ഫുട്ബോളിന്‍റെ വരാനിരിക്കുന്ന നല്ല കാലത്തെ കുറിച്ച് ഫുട്ബോള്‍ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാല്‍വെയ്പ്പുകളാണിവ. എന്നാല്‍ ഇന്ത്യയില്‍ ഫുട്ബോളിന്‍റെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സംസ്ഥാനമായ കേരളം മാത്രം ഇതിനോടെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നത് കാല്‍പന്തു കളിയെ സ്നേഹിക്കുന്ന കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശയുളവാക്കുന്നു.


നെഹ്‌റു കപ്പില്‍ കളിക്കാനെത്തിയ കാമറൂണിന്‍റെ കോച്ച് ഇമ്മാനുവല്‍ ഡുംബെ ബോസോവിന്‍റെ ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. "ലോക്കല്‍ ലയണ്‍സ്" എന്ന പേരിലറിയപ്പെടുന്ന ആശയമാണ് കാമറൂണിനെ ലോക ഫുട്ബോളിന്‍റെ ഭൂപടത്തില്‍ ശക്തരുടെ നിരയിലെത്തിച്ചത്. രാജ്യത്തിനു കളിക്കാന്‍ കൊതിക്കുന്ന കളിക്കാരെ പ്രാദേശിക ലീഗിലൂടെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയാണിത്. നാടുനിറയെ കളി.അവിടുത്തെ പ്രാദേശിക ലീഗുകളിലൂടെ തദ്ദേശീയരായ അനവധി താരങ്ങള്‍ വളര്‍ന്നു വരുന്നു. അങ്ങനെ വളര്‍ന്നു വന്ന താരമാണ് ലോക ക്ലബ്‌ ഫുട്ബോളിലെ വിലപിടിപ്പുള്ള താരങ്ങളിലൊരാളും, മുന്‍ ബാര്‍സലോണ താരവുമായ സാമുവല്‍ ഏറ്റു. ഇത്തരത്തില്‍ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി മത്സരങ്ങള്‍ക്കായി കായികമായും മാനസികമായും തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നമ്മുടെ ഫുട്ബോള്‍ രക്ഷപ്പെടുകയുള്ളൂ.ഇന്ത്യന്‍ ഫുട്ബോളിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയി ഡച്ചുകാരന്‍ റോബര്‍ട്ട്‌ ബാനിനെ നിയമിച്ചത് ഇതിന്‍റെ ആദ്യപടിയായി കാണാം. 


റോബര്‍ട്ട് ബാന്‍ 
68കാരനായ ബാന്‍ ഈ പദവിക്ക് ഏറെ യോഗ്യനാണ്. 1981 -ല്‍ ഹോളണ്ടിന്‍റെ കോച്ചായിരുന്ന ബാന്‍ 2007- ല്‍ ഓസ്ട്രേലിയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയിരുന്നു. പി.എസ്.വി ഐന്തോവന്‍, ഫെയിനൂര്‍ഡ് തുടങ്ങിയ ലോക പ്രശസ്ത ക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാന്‍ ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ രണ്ടഭിപ്രായമില്ല. ബ്രസീലിന്‍റെ റൊണാള്‍ഡോ, ഹോളണ്ടിന്‍റെ മാര്‍ക്ക്‌ വാന്‍ബാസ്റ്റാന്‍, വാന്‍ പഴ്സി, ക്യുയിട്ട് തുടങ്ങിയ ലോകോത്തര താരങ്ങള്‍ ബാനിന്‍റെ ശിക്ഷണം ലഭിച്ചവരാണ്. നമുക്ക്‌ പ്രതീക്ഷിക്കാം കോവര്‍മാന്‍സും ബാനും ഇന്ത്യക്ക് ഭാഗ്യം കൊണ്ട് വരുമെന്ന് ഒപ്പം ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതിഭാ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുമെന്നും.