Tuesday, August 28, 2012

സഹയാത്രക്കാരി

 ഞാന്‍ ഷാര്‍ജയിലേക്കുള്ള മടക്കയാത്രയിലാണ്. ജോലിയുടെ ഭാഗമായി  മൂന്നു ദിവസത്തേക്ക് കുവൈത്തില്‍ വന്നതായിരുന്നു.   റംസാന്‍ നോമ്പ്‌ മൂന്നാമത്തെ ദിവസം. ഇഫ്താറിനു ഇനിയും അര മണിക്കൂര്‍ ഉണ്ട്.     നല്ല ക്ഷീണം തോന്നുന്നു. വിമാനത്തില്‍ കയറി ഇരുന്നതും തല വേദനയും ക്ഷീണവും കാരണം മയങ്ങിപ്പോയി.
   
 " മക്കളേ  "  ആ വിളി കേട്ട് ഞാന്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു മലയാളി മഹിള. ഞാന്‍ ഒരാളല്ലേ ഉള്ളൂ പിന്നെ എന്തിനാവും അവര്‍ എന്നെ "മക്കളേ" എന്ന് വിളിച്ചത്. അടുത്തിരിക്കുന്നവനെയും കൂട്ടിയാണോ?    ആവാന്‍ വഴിയില്ല.  അതൊരു തദ്ദേശീയനായ അറബിയായിരുന്നു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ്‌ ആ സ്ത്രീയുടെ അടുത്ത ചോദ്യം. 

" ഈ കടലാസൊന്നു നോക്കിയേ, എന്റെ സീറ്റ്‌ എവിടെയാ? ". 

അവര്‍ വെച്ച് നീട്ടിയ കടലാസ് ഞാന്‍ വാങ്ങി നോക്കി. അത് ടിക്കറ്റിന്റെ പ്രിന്‍റ് ആയിരുന്നു. 

ഇതെല്ല. ബോര്‍ഡിംഗ് പാസ്‌ എവിടെ? 

എന്‍റെ  ചോദ്യം  കേട്ടതും  ഹാന്‍ഡ്‌ബാഗില്‍ പാസ്പോര്‍ട്ടിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ച ബോര്‍ഡിംഗ് പാസ്സ് എടുത്ത് എനിക്ക് നല്‍കി. പാസ്‌ നോക്കിയപ്പോള്‍  എന്‍റെ  സീറ്റിനടുത്ത്‌ തന്നെ 6 B.  6C യിലാണ് ഞാന്‍ ഇരിക്കുന്നത്. 6 A സീറ്റില്‍ ഞാന്‍ നേരത്തെ പറഞ്ഞ അറബിയാണ്. ഞങ്ങളുടെ  മധ്യത്തിലായിട്ടാണ് ഈ സ്ത്രീയുടെ ഇരിപ്പിടം.  

ദേ ഇവിടെ തന്നെയാണ് നിങ്ങടെ സീറ്റ്‌    എന്‍റെ ഇടതു വശത്തുള്ള സീറ്റ്‌ കാണിച്ചു കൊടുത്തു.

"മക്കളവിടെ ഇരിക്കുവോ, ഞാന്‍ ഈ അറ്റത്ത്‌ ഇരുന്നോളാം "   
  
ദേ വീണ്ടും മക്കള്‍ വിളി. ഇത്തവണ എനിക്ക്  സംഗതി പിടി കിട്ടി. സിനിമയിലെ വെഞ്ഞാറമൂടുകാരന്‍റെ മക്കള്‍ വിളി.   ഈ സ്ത്രീ തിരുവനന്തപുരം ഭാഗത്തെവിടെയോ ആയിരിക്കും.  ഞാന്‍ സീറ്റ്‌ മാറി സഹകരിച്ചു.

വിമാനത്തില്‍ കൂടുതല്‍ ആളുകളില്ല. ഇഫ്താറിന്റെ സമയത്തായതിനാല്‍ ഒട്ടു മിക്ക സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഉള്ളവര്‍ തന്നെ ഭൂരിഭാഗവും അറബികളാണ്. ഞാനും അടുത്തിരിക്കുന്ന ഈ വനിതയും മാത്രമാണ് മലയാളികളായിട്ടുള്ളത്. അത് കൊണ്ട്  തന്നെ ഈ  സഹായാത്രികയെ ഒന്ന് പരിചയപ്പെടാമെന്നു കരുതി.

എന്താ പേര്? ഷാര്‍ജയിലെവിടെയാ പോകുന്നത് ? 

"പേര് ലത, ഞാന്‍ ശരിക്കും തിരുവനന്തപുരത്തേക്കാ , ഷാര്‍ജയില്‍ ഇറങ്ങി മാറി കേറണം. "

എന്‍റെ ഊഹം തെറ്റിയില്ല. തിരുവനന്തപുരത്തുകാരി തന്നെ. അങ്ങനെ നാടും വീടുമൊക്കെ പരസ്പരം ചോദിച്ചറിഞ്ഞു. ഞങ്ങള്‍ പരിചയത്തിലായി. ആറ്റിങ്ങലാണ് അവരുടെ വീട്.

കുവൈത്തില്‍ എന്താ ജോലി ? 

"  അറബി വീട്ടിലെ വേലക്കാരിയാ മോനെ. "

അവര്‍ കുവൈത്തിലെത്തിയ സാഹചര്യത്തെ കുറിച്ചും, പ്രവാസത്തിന്‍റെ ഒറ്റപ്പെടലുകളെ കുറിച്ചുമൊക്കെ എന്നോട് പറഞ്ഞു തുടങ്ങി.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ കുവൈറ്റില്‍ വന്നതാണ്.  ഇന്നവര്‍ക്ക് നാല്‍പ്പതു വയസ്സായി. നീണ്ട പതിനഞ്ചു  വര്‍ഷങ്ങള്‍ നാടും വീടും വിട്ടു ഒരിക്കല്‍ അകപ്പെട്ടാല്‍ തിരിച്ചു കേറാന്‍ പ്രയാസമുള്ള പ്രവാസത്തിന്‍റെ ചുഴിയില്‍.. അകപ്പെട്ട ഒരു ഹതഭാഗ്യയായ സ്ത്രീ.

ജീവിത ഭാരവും പേറി മരുഭൂമിയിലെത്തിയ ഒരു തനി നാട്ടിന്‍പുറത്തുകാരി. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ്‌  ഒരു വാഹന അപകടത്തില്‍ മരിച്ചു പോയി. പതിനേഴും, ഇരുപതും വയസ്സുള്ള  രണ്ടു പെണ്‍മക്കളാണവര്‍ക്ക്. ഇത്രയും കാലം അറബി വീട്ടില്‍ അഹോരാത്രം അദ്വാനിച്ചു കാശുണ്ടാക്കി മൂത്തവളുടെ കല്യാണം നടത്തി. നാട്ടിന്‍പുറത്ത്‌ നിന്നെത്തുന്ന ഒരു വീട്ടുജോലിക്കാരിക്ക് അനുഭവിക്കേണ്ടി വരുന്ന ദൈന്യത കലര്‍ന്ന യാഥാര്‍ത്യങ്ങളെ കുറിച്ച് അവര്‍ എന്നോട് സംസാരിച്ചു തുടങ്ങി.

        അറബി വീട്ടില്‍   കുറഞ്ഞ വേതനത്തിന് ജോലി എടുക്കേണ്ടി വരുന്ന ഒരു വേലക്കാരിയുടെ വേദന അവര്‍ മറച്ചു വെക്കുന്നില്ല. അതേസമയം തന്നെ അവര്‍ പരിചയപ്പെട്ട അറബികളില്‍ ഭൂരിഭാഗം പേരും നല്ലവരാണെന്നാണ് അവരുടെ അഭിപ്രായം.

" ഞാന്‍ ആദ്യം വന്നത് ഒരു വല്യ അറബി വീട്ടിലായിരുന്നു. അവര് നല്ല ആളുകളായിരുന്നു. വീട്ടിലെ പ്രായമായ ഒരു മാമയുടെ കാര്യങ്ങളൊക്കെ നോക്കലായിരുന്നു ജോലി. പതിനാല്  കൊല്ലാത്തോളം ഞാനാ വീട്ടിലായിരുന്നു."

   "  ഒരുപാട് സ്ഥലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് മോനെ. മാമ പോകുന്നിടത്തൊക്കെ എന്നേം കൂടെ കൂട്ടും. അങ്ങനെ ഞാന്‍ സൗദിയിലും, ലണ്ടനിലും, ന്യൂ യോര്‍ക്കിലും വരെ എത്തിയിട്ടുണ്ട്."

ഇത് കേട്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്രയും രാജ്യങ്ങളൊക്കെ സന്ദര്‍ശിച്ചിട്ടും ബോര്‍ഡിംഗ് പാസ് നോക്കി സീറ്റ്‌ കണ്ടെത്താന്‍ അറിയില്ലല്ലോ. ഇനി ഇവര്‍ ബഡായി വിടുന്നതാവുമോ?. പിന്നെ ഒന്ന്   ആലോചിച്ചപ്പോള്‍ ശരിയായിരിക്കും എന്ന് തോന്നി. അത്രയ്ക്ക് ദൃഢമല്ലേ   കുവൈത്തും  അമേരിക്കയും  തമ്മിലുള്ള ബന്ധം.

" ഇപ്പോ ഒരു വര്‍ഷായിട്ട് വേറെ വീട്ടിലാ. ഈ വീട്ടില്‍ കഥ വേറെയാ മക്കളെ. വല്യ കഷ്ടപ്പാടാ. എന്‍പതു ദിനാര്‍ മാസ ശമ്പളവും ഹോം നഴ്സിന്റെ ജോല്യാന്നൊക്കെ പറഞ്ഞിട്ടാ വന്നത്. ഇവിടെ ഇപ്പോ അടുക്കളയിലാ ജോലി. അറുപതു ദിനാര്‍ തരും. ഇരുപതു അവരു പിടിക്കും.  " 

സംസാരിച്ചു നേരം പോയതറിഞ്ഞില്ല. ഇഫ്താറിനുള്ള സമയമായി. ജീവിതത്തിലാദ്യമായിട്ടാണ് മാനത്ത് വെച്ചൊരു നോമ്പ് തുറ. വിമാനം എയര്‍ അറേബ്യ ആയത് കൊണ്ട് വലിയ പ്രതീക്ഷയൊന്നുമില്ല.      പച്ച വെള്ളമെല്ലാതെ എന്തെങ്കിലും കിട്ടണമെങ്കില്‍ കാശ് കൊടുക്കണം.      

ഭക്ഷണത്തിന്‍റെ   വണ്ടിയുമായി എയര്‍ ഹോസ്റ്റസ് എന്‍റെ  സീറ്റിനടുത്തെത്തി. ഒരു കപ്പ് വെള്ളവും ഒരു ഈന്തപ്പഴവും കിട്ടി.     

ഇന്നെനിക്ക് നല്ല വിഷപ്പുണ്ട്.  അത്താഴം പോലും കഴിക്കാതെ നോമ്പ് പിടിച്ചതാ. ഒരു ചിക്കന്‍ ബിരിയാണി കഴിക്കാമെന്ന് കരുതി. 

സ്കൈ കഫെ മെനുവിലെ ചിക്കന്‍ ബിരിയാണിയുടെ പടം കാണിച്ചു ഒരെണ്ണം ആവശ്യപ്പെട്ടു.

"സര്‍., വി ഡോന്‍റ് ഹാവ് ബിരിയാണി. ഒണ്‍ലി സാന്‍ഡ് വിച്ചെസ്‌ ".  

റെക്കോര്‍ഡ്‌ ചെയ്തു വെച്ചത് പോലെയുള്ള മറുപടി.     

ചെറിയ ദൂരമായത്‌ കൊണ്ട് റൈസ് ഒന്നും ഇല്ല. സാന്‍ഡ് വിച്ച് മാത്രമേ ഉള്ളൂ.

കാശ് കൊടുത്താലും ഇഷ്ട ഭക്ഷണം കിട്ടില്ലെന്ന് വന്നപ്പോള്‍ സാന്‍ഡ് വിച്ച്  ആണെങ്കില്‍ സാന്‍ഡ് വിച്ച്.       ഒരു ചിക്കന്‍ സാന്‍ഡ് വിച്ച്  ഞാനും    വാങ്ങി.

 "ഇതില് ഭക്ഷണത്തിനു കാശ് കൊടുക്കണോ?" ലത ചേച്ചിയുടെ ചോദ്യം.

ചോദ്യം കേട്ടിട്ട് ഈ ബജറ്റ് വിമാനത്തിന്‍റെ  രീതികളെ കുറിച്ചൊന്നും അവര്‍ക്ക് വലിയ പിടിയില്ലെന്നു തോന്നുന്നു. ഞാന്‍  സാന്‍ഡ് വിച്ച് വേണോ എന്നെങ്കിലും ചോദിക്കേണ്ടാതായിരുന്നു.                വിശപ്പിന്‍റെ  കാഠിന്യം കൊണ്ട് അതൊക്കെ മറന്നു പോയി. 

അല്ലെങ്കിലും ഞാനങ്ങനെയാ  കഠിന  വിശപ്പാണെങ്കില്‍ സ്വന്തം കാര്യം സിന്ദാബാദ്.         ഈ  "നല്ല" ശീലത്തിന് കെട്ട്യോളെ പഴി ഒരുപാട് കേട്ടിട്ടുണ്ട്.

ഇതില്  കാശ്  കൊടുത്താല്‍ തന്നെ കിട്ടാന്‍ പണിയാ ചേച്ചി.  സാധാരണ പച്ച വെള്ളം മാത്രേ കിട്ടൂ . ഇന്ന് കിട്ടിയ ഈന്തപ്പഴം റംസാന്‍ സ്പെഷ്യലാ !! 

ഇത് കേട്ടപ്പോള്‍ അവരുടെ മുഖഭാവത്തില്‍  വന്ന മാറ്റം ഞാന്‍ ശ്രദ്ധിച്ചു. ആരോടോ ദേഷ്യം ഉള്ളത് പോലെ. ലത ചേച്ചി കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് പറഞ്ഞു.

"അര്‍ബാബ് എന്നെ പറ്റിച്ചു. പെട്ടെന്ന് ടിക്കറ്റ്‌ എടുത്തപ്പൊളെ തോന്നി. എവിടുന്നു കിട്ടി അവന്   ഈ ടിക്കറ്റ്‌." ."

പ്രവാസത്തിന്‍റെ ചൂടും ചൂരും നന്നായി അറിയാവുന്ന എനിക്ക് അവരുടെ സംസാരത്തില്‍ എന്തോ ഒരു പന്തികേട് തോന്നി.

ഭക്ഷണം ഉണ്ടാവില്ലാന്നൊന്നും  പറഞ്ഞില്ലേ.

"ഇല്ല മോനെ . ഭക്ഷണം കിട്ടാത്ത കാര്യമൊന്നും പറഞ്ഞില്ല. ഈ യാത്ര തന്നെ പെട്ടെന്നുള്ള തീരുമാനായിരുന്നു. റംസാന്‍ ആയത് കൊണ്ട് വല്യ ജോലിയൊന്നുമില്ല. ആര്‍ക്കെങ്കിലും നാട്ടില്‍ പോണോന്നു  അര്‍ബാബ് വന്നു  ചോദിച്ചു . ഞാന്‍ റെഡിയാണെന്ന് പറഞ്ഞു.      തമാശയായിരിക്കുമെന്നാ ഞാന്‍ കരുതിയേ. "


ജീവിതത്തിന്‍റെ തീക്ഷണതയില്‍ എരിഞ്ഞു തീരുന്ന ലത ചേച്ചിയെ പോലുള്ള  പ്രവാസിക്ക് തന്‍റെ  ചുടുനിശ്വാസത്തോടൊപ്പം പങ്കു വെക്കാന്‍ പിറന്ന നാടിന്‍റെ  സുഗന്ധമുള്ള ഓര്‍മ്മകള്‍ മാത്രമാണ് കൂട്ടിന്. അത് കൊണ്ട് തന്നെ നാട്ടില്‍ പോകാന്‍ താല്‍പര്യം ഉണ്ടോ എന്ന ചോദ്യത്തിന് വേറൊന്നും ചിന്തിക്കാതെ "യെസ്" പറഞ്ഞു. 

അന്ന് വൈകുന്നേരം തന്നെ ടിക്കറ്റ്‌ ശരിയാക്കി കൊടുത്തു. പിറ്റേ ദിവസം വൈകുന്നേരം കുവൈത്ത്‌ സിറ്റിയില്‍ നിന്നും ഷാര്‍ജയിലേക്കും, അവിടുന്ന് മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തേക്കും.  

അപ്രതീക്ഷിതമായി നാട്ടില്‍ പോകാനുള്ള അവസരം കൈവന്നതോടെ       പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലായിരുന്നു അവര്‍ . നാട്ടിലേക്ക്‌ കൊണ്ട്  പോകാനായി പല ഘട്ടങ്ങളിലായി വാങ്ങി വെച്ച സാധനങ്ങളെല്ലാം ഭദ്രമായി പാക്ക്‌ ചെയ്തു. നാട്ടിലെ ബന്ധുക്കളെയൊക്കെ അറിയിച്ചു. ആഹ്ലാദത്തോടെ പിറന്ന മണ്ണിലേക്ക്.


കുറച്ചു നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല.    വേറൊന്നും കൊണ്ടല്ലെട്ടോ വായില്‍ സാന്‍ഡ് വിച്ചാണ്.      അല്ലെങ്കിലും ഈ സാധനം കഴിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം.   അല്ലെങ്കില്‍ അതിനകത്ത് തിരുകിക്കേറ്റിയതൊക്കെ താഴോട്ടു പതിക്കും. 

നല്ല ടേസ്റ്റ്. വിശന്നു പൊരിയുന്ന വയറിനു എല്ലാം രുചി തന്നെ. 


ഭക്ഷണം കഴിച്ചു തീര്‍ന്നപ്പോഴാ ഞാനൊരു കാര്യം ശ്രദ്ധിച്ചത്. സഹായാത്രക്കാരി ആ കൊടുത്ത വെള്ളം പോലും കുടിച്ചിട്ടില്ല. ഈന്തപ്പഴവും അതേപോലെ ഇരിപ്പുണ്ട്.  ഞാന്‍ കാര്യം തിരക്കി.

ചേച്ചി എന്താ ഒന്നും കഴിക്കാത്തെ? . വെള്ളം പോലും കുടിച്ചില്ലല്ലോ 

"ഇതിനും കാശ് കൊടുക്കണ്ടേ മോനെ"

ചേച്ചിയുടെ മറുപടി  കേട്ട് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അതിനും പൈസാ കൊടുക്കണമെന്നാണ് പുള്ളിക്കാരി കരുതിയത് .      അത് ഫ്രീയാണെന്ന് ഞാന്‍ പറഞ്ഞു തീരുമ്പോഴേക്കും ഈന്തപ്പഴം അകത്താക്കി. വെള്ളവും കുടിച്ചു. എന്നിട്ട് പറഞ്ഞു.

"എനിക്കും നോമ്പായിരുന്നു മോനെ"

അത് കേട്ടതോടെ ഞാന്‍ ശരിക്കും മരവിച്ചു പോയി. ഒരു നോമ്പുകാരിയായ പാവപ്പെട്ട സ്ത്രീ എന്‍റെ  തൊട്ടടുത്തിരിക്കുന്നു. നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞിട്ടും ഒന്നും കഴിക്കാതെ. ഞാനാണെങ്കില്‍ വല്യ നോമ്പുകാരന്‍റെ  ഗമയില്‍ മിഷ്ടാനം തട്ടി വിടുന്നു.  

ഇവര്‍ ലതയല്ലേ. എന്തിനാവും ഈ യാത്രയ്ക്കിടയില്‍ പോലും വ്രതം അനുഷ്ടിക്കുന്നത്?.  ഇനി ലത എന്ന് പേരുള്ള വല്ല മുസ്ലിം സ്ത്രീയുമാണോ ?  ആകെ കണ്‍ഫ്യൂഷന്‍ . എങ്കില്‍ ആ കണ്‍ഫ്യൂഷന്‍ അങ്ങ് തീര്‍ത്തേക്കാമെന്നു കരുതി.

 ചേച്ചി  നോമ്പെടുക്കാറുണ്ടോ? 

"എന്ത് ചോദ്യായിത്. പതിനഞ്ചു കൊല്ലമായി മോനെ  എല്ലാ റംസാനിലും    നോമ്പ്‌ പിടിക്കുന്നു. അതൊരു ശീലായിപ്പോയി. ലോകത്തെവിടെ ആയാലും ഞാന്‍ റംസാനില്‍ നോമ്പ്‌ എടുക്കും." 

ദീര്‍ഘ കാലമായി ഗള്‍ഫില്‍ ജീവിക്കുന്ന ഒരു പ്രവാസി സ്ത്രീ. അവര്‍ അറബികളുടെ  സംസ്കാരത്തെ പല കാര്യങ്ങളിലും പിന്തുടരുന്നതില്‍ അദ്ഭുതപ്പെടാനില്ല.  എന്നാലും ഈ യാത്രയില്‍ പോലും വ്രതം എടുക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തി.     അതിനെക്കുറിച്ച് കൂടുതല്‍ അവരോടു ചോദിച്ചറിഞ്ഞപ്പോള്‍ ഈ സഹായാത്രക്കാരിയെ കുറിച്ചുള്ള എന്‍റെ  എല്ലാ ധാരണകളും അസ്ഥാനത്തായി.

എല്ലാ ഞായറാഴ്ച്ചകളിലും സഹപ്രവര്‍ത്തകരായ ശ്രീലങ്കക്കാരോടൊപ്പം   കുവൈറ്റിലെ  ക്രിസ്ത്യന്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്ന, എല്ലാ റംസാനിലും പടച്ചോന്‍റെ  പ്രീതി പ്രതീക്ഷിച്ചു നാട്ടിലാണെങ്കില്‍ പോലും വ്രതമനുഷ്ടിക്കുന്ന, ആദ്യം ജോലിക്ക് നിന്ന വീട്ടിലെ മാമയോടൊപ്പം സൗദിയില്‍ പോയപ്പോള്‍ അവിടുത്തെ മുതവ്വ ( മുസ്ലിം പണ്ഡിതന്‍ ) നല്‍കിയ മോതിരം ഒരു വിശ്വാസത്തിന്‍റെ  ഭാഗം എന്നത് പോലെ ഇന്നും കാത്തു സൂക്ഷിക്കുന്ന, ഹിന്ദുവായി ജനിച്ചു വളര്‍ന്നു ആ മതത്തിന്‍റെ     ആചാരങ്ങളെയും, അനുഷ്ടാനങ്ങളെയും    പിന്തുടരുന്ന ഈ നിരാലംബയായ പാവം പ്രവാസി സ്ത്രീയെ  ഞാന്‍ ഏതു മത വിശ്വാസത്തിന്‍റെ  ഭാഗമെന്നു പറയും.  

അറബിനാട്ടില്‍ വീട്ടുവേലക്കാരികള്‍ക്ക്  സാധാരണയായി ഒഴിവു ദിവസങ്ങള്‍ ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ ഞായറാഴ്ച്ചത്തെ പള്ളിയില്‍ പോക്ക് അവര്‍ക്കൊരാശ്വാസമായിരുന്നു. 

വിമാനം ഏകദേശം ഷാര്‍ജയില്‍ എത്താറായി. ഇനി കൃത്യം മുപ്പതു മിനിറ്റ് കൂടി. പൈലറ്റ് ലാന്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ നല്‍കിത്തുടങ്ങി. 

ഞാന്‍ ഒരു കാര്യം ചോദിക്കാന്‍ വിട്ടു പോയി.

ചേച്ചി കാശൊക്കെ ഉണ്ടോ? നാളെ രാവിലെ അഞ്ചു മണി ആകും  നാട്ടിലെത്താന്‍. . വല്ലതും കഴിക്കണ്ടേ

ചോദ്യം കേട്ടപ്പോള്‍ ഒരു ചിരി മാത്രം. ഒന്നും പറയുന്നില്ല. 

എനിക്ക് കാര്യം പിടികിട്ടി. പൈസ ഇല്ലാത്തത് കൊണ്ടാവും നോമ്പായിട്ടു പോലും ഒന്നും വാങ്ങിക്കഴിക്കാത്തത്.  

പിന്നെ ഞാന്‍ സംസാരിക്കാനൊന്നും നിന്നില്ല.  ഒരു സാന്‍ഡ് വിച്ചും മിനിറല്‍ വാട്ടറും വാങ്ങിക്കൊടുത്തു.  ആദ്യം നിരസിച്ചെങ്കിലും പിന്നീട് വാങ്ങിക്കഴിച്ചു. 

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. കൈ കൂപ്പിക്കൊണ്ട്      പറഞ്ഞു.

"ഒരുപാട് നന്ദിയുണ്ട് മോനേ. നല്ല തല വേദനയും ക്ഷീണവുമായിരുന്നു. ഇത് കഴിച്ചപ്പോള്‍ നല്ല ആശ്വാസം തോന്നുന്നു,    പടച്ചോനുണ്ടെന്‍റെ     കൂടെ. ദൈവം തന്ന ആഹാരാ ഞാനിപ്പോ കഴിച്ചത് " 

ആ വാക്കുകള്‍ എന്‍റെ കണ്ണിനെയും ഈറനണിയിച്ചു.

എനിക്ക് സമാധാനമായി. ഈ പുണ്യ മാസത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ. അല്ലെങ്കിലും അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ നിന്‍റെ  ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് അവനും കൂടി നല്‍കുക എന്ന നബിവചനത്തില്‍ വിശ്വസിക്കുന്ന   ഞാന്‍.,      ഈ സഹയാത്രിക പട്ടിണി കിടക്കുമ്പോള്‍ സഹായിച്ചില്ലെങ്കില്‍ എന്ത് വ്രതം, എന്ത് വിശ്വാസം.  പിന്നെ എന്‍റെ  നോമ്പ്‌ പടച്ചോന്‍ സ്വീകരിക്കുമോ.


ഓര്‍ക്കാപ്പുറത്തുള്ള  യാത്രയായത് കൊണ്ട്  ഒന്നും നേരാംവണ്ണം പ്ലാന്‍ ചെയ്യാന്‍ പറ്റിയില്ല അവര്‍ക്ക്.  ആകെ കയ്യിലുണ്ടായിരുന്നത് നൂറു കുവൈറ്റ്‌ ദിനാര്‍ . അതില്‍ പത്ത് ദിനാര്‍ വെച്ച് ബാക്കി തൊണ്ണൂറു ദിനാര്‍ തലേ ദിവസം നാട്ടിലേക്കയച്ചു.   പത്ത്‌ ദിനാറിന് ഡ്യൂട്ടി ഫ്രീയില്‍ നിന്നും പാല്‍പ്പൊടിയും കുട്ടികള്‍ക്ക് ചോക്ലേറ്റും മറ്റും വാങ്ങിച്ചു.  വിമാനത്തിലെന്തിനാ കാശ്, ഭക്ഷണമൊക്കെ കിട്ടുമല്ലോ എന്നാലോചിച്ചു കയ്യിലൊന്നും വെച്ചില്ല. 


ഞാന്‍   വീണ്ടും   ഓരോ   കാര്യങ്ങളിങ്ങനെ   ചോദിച്ചറിഞ്ഞു.

ആദ്യം ജോലിയെടുത്ത വീട്ടുകാരെ കുറിച്ച് പറയുമ്പോള്‍ ലതച്ചേച്ചിക്ക് നൂറു നാവായിരുന്നു. 

"ആ മാമയ്ക്ക് എന്നോട് വല്യ ഇഷ്ടായിരുന്നു.   എന്‍റെ  കയ്യും പിടിച്ചാ  അവര്‍ മരിച്ചത്. അത് കൊണ്ട് തന്നെ അവരെ മക്കള്‍ക്കും എന്നോട് നല്ല ഇഷ്ടായിരുന്നു. "

പിന്നെന്തിനാ ചേച്ചി അവിടുന്നു മാറിയത്?

ആ ചോദ്യം അവര്‍ക്ക് അത്ര അങ്ങ് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. 

" അത് പിന്നെ അവരെന്‍റെ  മോളെ ചോദിച്ചു. അത് കൊണ്ടാ ".

എനിക്കൊന്നും പിടി കിട്ടിയില്ല.   

മോളെ ചോദിച്ചൂന്നോ. എന്തായിരുന്നു കാര്യം 

"  അവളേം കൂടി ഇങ്ങു കൂട്ടാന്‍ പറഞ്ഞു. വീട്ടുജോലിക്കായി. അത് ഞാന്‍ സമ്മതിച്ചില്ല. "

ഭര്‍ത്താവ്   മരണപ്പെട്ടതോടെ   അത്താണി   നഷ്ടപ്പെട്ട      കുടുംബത്തിന്‍റെ  ഭാരവും പേറി    അറബി വീട്ടിലെ   എച്ചില്‍പാത്രം     വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചത്      മക്കളെ നല്ല രീതിയില്‍ വളര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നു.     
സംഭാഷണത്തിനിടയില്‍   പല പ്രാവശ്യം    ആ മാതാവ് അത് സൂചിപ്പിക്കുന്നുണ്ടായിരുന്നു.

അടിമകളെപ്പോലെ അറബിവീട്ടിന്‍റെ  കനത്ത മതില്‍ക്കെട്ടിനുള്ളില്‍ ജീവിക്കുന്നവരാണ് ഗള്‍ഫിലെ വീട്ടു ജോലിക്കാര്‍ എന്നതായിരുന്നു എന്‍റെ  ധാരണ.   അത്  കൊണ്ട്  തന്നെ  എന്‍റെ  സംശയങ്ങളും തീരുന്നില്ല.

ജോലിയുടെ പ്രശ്നമല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലോ. വീട്ടുകാര്‍ ഉപദ്രവിക്കുമോ ?

അറബികളെ കുറിച്ച് അവര്‍ക്ക് കുറെ നല്ലതും പറയാനുണ്ട്. അതെ പോലെ മോശം വശങ്ങളുമുണ്ട്.

" എനിക്കങ്ങനെയൊന്നും ഉണ്ടായിട്ടില്ല.           എന്നാലും ഉണ്ട്  മോനേ ഉപദ്രവിക്കുന്ന     വീടുകളും ഉണ്ട്.      ചില കുരുത്തംകെട്ട പിള്ളേരുള്ള വീടുകളുണ്ട്. പക്ഷെ കൂടുതലായിട്ടില്ല. ഞങ്ങള്‍ക്ക്   ഒരു സ്വാതന്ത്ര്യം ഇല്ലാത്തത് പോലെയാ.     മൊത്തത്തിലൊരു കൂട്ടില്‍ പിടിച്ചിട്ടത് പോലെ തോന്നും. " 

" കേബിന്‍ക്രൂ ടേക്ക്  യുവര്‍ സീറ്റ്‌ ഫോര്‍ ലാന്‍ഡിംഗ്" 

വിമാനം ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്നു.           ഞങ്ങള്‍ സംസാരമൊക്കെ നിര്‍ത്തി.   അപ്പോഴാണ്‌ ഒരു പ്രധാനപ്പെട്ട കാര്യം ഞാന്‍ ശ്രദ്ധിച്ചത്.  അടുത്തിരിക്കുന്ന അറബി ഷാര്‍ജ  നഗരത്തിന്‍റെ   ആകാശക്കാഴ്ച്ച  മൊബൈലില്‍  പകര്‍ത്തുന്നു.   ലാന്‍ഡിംഗ് സമയത്ത്‌ മൊബൈല്‍ ഒണാക്കിയാല്‍    പതിയിരിക്കുന്ന   അപകടത്തെ കുറിച്ച്   ഞാന്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു.  അദ്ദേഹം മൊബൈല്‍ ഓഫാക്കി. 

സുരക്ഷിതമായി ഞങ്ങള്‍ ഷാര്‍ജയില്‍ വിമാനമിറങ്ങി.   കൊച്ചിക്ക് വിമാനം കേറാന്‍ ട്രാന്‍സ്ഫര്‍ ഡസ്കിലേക്കുള്ള വഴി ഞാന്‍ ചേച്ചിക്ക്  കാണിച്ചു കൊടുത്തു. 
ഇനിയെന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി   ഞാന്‍ കുറച്ചു കാശു കൊടുത്തു.
"വേണ്ട മോനെ ഇനി എനിക്ക് വള്ളം മാത്രം കുടിച്ചാല്‍ മതി, അത് കിട്ട്വോല്ലോ "
കൈകൂപ്പിക്കൊണ്ട് നന്ദി പറയുന്ന ആ മുഖം എന്നില്‍ നിന്ന് മായുന്നില്ല. എന്‍റെ സഹായ വാഗ്ദാനം അവര്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. 

നിങ്ങള്‍ ഇനിയും ഗള്‍ഫിലേക്ക് വരുമോ ?
എന്‍റെ ചോദ്യം കേട്ട് ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.
"ഒരാളേം കൂടി കെട്ടിച്ചയക്കാനുണ്ട്. വരാതെ ഒക്കില്ല."

എന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നു. പുറത്ത് കാത്തു നില്‍ക്കുന്ന സുഹൃത്താണ്. പാസ്‌പോര്‍ട് കണ്‍ട്രോള്‍ സെക്‌ഷനില്‍ ഇപ്പോള്‍ തന്നെ വലിയ ക്യു കാണുന്നുണ്ട്.  പെട്ടെന്ന് പുറത്തിറങ്ങണം. ചേച്ചിയോട് യാത്ര  പറഞ്ഞു  ഞാനും ആ നീണ്ട ക്യുവില്‍ കൂടി. 

ആ സഹായാത്രക്കാരി എന്‍റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. എന്‍റെ  ജോലി  സാഹചര്യം ഓര്‍ക്കുമ്പോള്‍ ദൈവത്തിനു ഒരായിരം നന്ദി പറയുന്നു.    പക്ഷെ പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ അസാമാന്യ നിശ്ചയ ധാര്‍ഢ്യത്തോട് കൂടി ജീവിതത്തെ നോക്കി കാണുന്ന ആ മലയാളി വനിത  ആദരവ് അര്‍ഹിക്കുന്നു.

കറങ്ങുന്ന കസേരയില്‍ ശീതീകരിച്ച ഓഫീസില്‍  ലാപ്ടോപ്പിന് മുന്നില്‍ ഇരുന്നു വളരെ നല്ല അറ്റ്‌മോസ്ഫിയറില്‍ ജോലി ചെയ്യുന്ന ഞാനുള്‍പ്പടെയുള്ള പ്രവാസികള്‍  ഉച്ച ഭക്ഷണത്തിനായി പുറത്തിറങ്ങുമ്പോള്‍ അറിയാതെ പറഞ്ഞു പോകാറുണ്ട്  ഓഹ് എന്തൊരു ചൂടെന്നു. പക്ഷെ  ഇന്ന് ഞാന്‍ തിരിച്ചറിയുന്നു നിരാലംഭാരായ പ്രവാസികളുടെ വേദന.