Sunday, September 16, 2012

കൂടംകുളം ആണവ പദ്ധതി നമുക്ക്‌ വേണോ?




തമിഴ്നാട്ടിലെ കൂടംകുളം ആണവകേന്ദ്രത്തിനെതിരെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും നടത്തിക്കൊണ്ടിരിക്കുന്ന സമരം നവരൂപം പ്രാപിച്ചിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് സ്വന്തം ജീവനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക ഒരു കാരണവശാലും തള്ളിക്കളയാനാവില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ രാജ്യതാല്‍പര്യം കണക്കിലെടുത്ത്‌ കൂടംകുളം ആണവോര്‍ജ്ജ പദ്ധതി നടപ്പിലാക്കണം എന്ന് പറയുന്നവരുടെ ഭാഷ്യവും, "ജലം രക്ഷിക്കൂ, ജീവന്‍ രക്ഷിക്കൂ" എന്ന മുദ്രാവാക്യം മുഴക്കി ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ ഭാഷ്യവും നമുക്കൊന്ന് പരിശോധിക്കാം.

കൂടംകുളം പദ്ധതി എന്ത് കൊണ്ട് വേണ്ട?

പരിസ്ഥിതിക്കും മനുഷ്യ ജീവനും ഭീഷണി ഉയര്‍ത്തുന്ന പദ്ധതിയാണ് കൂടംകുളം ആണവപദ്ധതി എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ ഭാഷ്യം. കാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഒരു ദുര്‍ഭൂതമാണ് ആണവനിലയത്തില്‍ നിന്നും കടലിലേക്ക്‌ തള്ളുന്ന മാലിന്യങ്ങളെന്നാണ് സമരക്കാരുടെ ഭാഷ്യം. ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം പരിസരവാസികള്‍ക്കും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കും. ഇന്ന് ലോകത്തുള്ള 205 രാജ്യങ്ങളില്‍ വെറും 31 രാജ്യങ്ങള്‍ മാത്രമാണ് വൈദ്യുതാവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉത്പാതിപ്പിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഏതു പദ്ധതിയും പ്രാവര്‍ത്തികമാക്കുമ്പോള്‍ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, അപകട സാധ്യത, ദുരന്ത നിവാരണ നടപടി, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവ കണക്കിലെടുക്കണം. 


ലോകം മുഴുവന്‍ ആണവോര്‍ജ്ജത്തിലേക്ക് മാറുമ്പോള്‍ ഇന്ത്യക്ക് മാത്രം മാറി നില്‍ക്കാനാവില്ല എന്ന വാദവും കൂടംകുളം പദ്ധതിയെ എതിര്‍ക്കുന്നവര്‍ തള്ളിക്കളയുന്നു. ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്‌, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുന്നു. ജപ്പാനിലെ ഭൂപ്രകൃതിയുടെ പ്രത്യേകത കണക്കിലെടുത്ത് അവിടെ ആണവനിലയങ്ങള്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ വിധിയെഴുതി. ഫുകുഷിമയിലെ ന്യൂക്ലിയാര്‍ ദുരന്തം അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചു. ഫുകുഷിമയില്‍ നടന്നത് പോലെ തമിഴ്നാട്ടിന്‍റെ തീരപ്രദേശമായ കൂടംകുളത്തും സുനാമിപോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചു കൂടായ്കയില്ല. 1986 ഏപ്രില്‍ 26 നു റഷ്യയിലെ ചെര്‍ണോബിലുണ്ടായ ആണവ ദുരന്തവും ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ എടുത്ത്‌ കാണിക്കുന്നു. ഈ ആണവദുരന്തത്തിന്‍റെ ഫലമായി ധാരാളം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞുപോയി. മനുഷ്യനും കന്നുകാലികള്‍ക്കും മുതല്‍ കൂനുകള്‍ക്കും രോഗാണുക്കള്‍ക്കും വരെ ജനിതക മാറ്റം വരുത്തിവെച്ച ദുരന്തമായിരുന്നു അത്. 
1986 -ല്‍ ദുരന്തം ഉണ്ടായ ചെര്‍ണോബിലെ പ്ലാന്റ്

2011 മാര്‍ച്ച് 11 നു ജപ്പാനിലെ ഫുക്കുഷിമയില്‍ ലോകത്തെ നടുക്കിക്കൊണ്ട് ദുരന്തം ആവര്‍ത്തിച്ചു. ഭൂകമ്പവും സുനാമിയും മൂലം അവിടുത്തെ മൂന്നു റിയാക്ടറുകള്‍ അപകടത്തില്‍പ്പെട്ടു.

ഫുകുഷിമ ദുരന്ത ദൃശ്യം

കൂടംകുളം എന്ന സ്ഥലം ആണവപദ്ധതിക്ക് അനുയോജ്യമല്ല എന്നതാണ് മറ്റൊരു വാദം. തമിഴ്നാട്ടിലെ കൂടംകുളം നിലനില്‍ക്കുന്ന പ്രദേശം ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്. അത്യപൂര്‍വ്വമായ അഗ്നിപര്‍വ്വത സാധ്യതയും ഉണ്ടെന്നു പറയപ്പെടുന്നു. പദ്ധതിപ്രദേശത്തിന്‍റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമിക്കടിയില്‍ പാറകള്‍ ഉരുകി ഒലിക്കുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.  2004-ലെ സുനാമി ദുരന്തം നടന്ന പ്രദേശങ്ങളും കൂടംകുളത്ത് നിന്നും ഏറെ അകലെയുമല്ല. 

തീരപ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നതാണ് മറ്റൊരു സുപ്രധാന വാദം. ഇത് ഏറെക്കുറെ ശരിയുമാണ്. വിദേശ രാജ്യങ്ങളോ തീവ്രവാദ സംഘടനകളോ കടല്‍മാര്‍ഗ്ഗം ആണവനിലയത്തെ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 



കൂടംകുളം പദ്ധതി എന്ത് കൊണ്ട് വേണം?


എല്ലാ ദിവസവും സൂര്യന്‍ പ്രകാശിക്കുന്നു. ഈ പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്‍ ജ്വലിക്കുന്നു. ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൂടിച്ചേരുന്നതിന്‍റെ ഫലമായി ഉദ്പാതിപ്പിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഈ പ്രപഞ്ചസത്യങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തുന്നത്. നിയന്ത്രണ വിധേയവും സുരക്ഷിതവുമായ അണുവിഘടനം നടത്തിയാണ് ആണവനിലയങ്ങളില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. യുറേനിയം പോലെയുള്ള വലിയ ആറ്റങ്ങള്‍ വിഘടനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജമാണ് ആണവോര്‍ജ്ജം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യാനാണ് ആദ്യമായി ഈ അമൂല്യ ശാസ്ത്രീയ കണ്ടുപിടുത്തത്തെ മനുഷ്യന്‍ ഉപയോഗിച്ചത്. അതിസൂക്ഷ്മമായ പരമാണുവിന്‍റെ അമൂല്യമായ ഊര്‍ജ്ജത്തെ കണ്ടെത്തിയ വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ അവനെതിരെ തന്നെ അതുപയോഗിച്ചു. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ആണവോര്‍ജ്ജം മനുഷ്യ നന്മയ്ക്ക് എന്ന മുദ്രാവാക്യം ലോകം മുഴുവന്‍ മുഴങ്ങി കേട്ടത്. ഈ മുദ്രാവാക്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന്‍റെ ഫലമായി വൈദ്യുതി ഉല്പാദനത്തിനായി ധാരാളം ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ലോകമെമ്പാടും സ്ഥാപിക്കുകയുണ്ടായി. അങ്ങനെ ആണവനിലയങ്ങളില്‍ നിന്നും ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജ ഉല്‍പാതനം രാഷ്ട്ര വികസനത്തിന്‍റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറി. ഒരു രാജ്യത്ത് അനിവാര്യമായ വികസനം സാധ്യമാകണമെങ്കില്‍ ആ രാജ്യത്തിനാവശ്യമായ ഊര്‍ജ്ജ ലഭ്യത അത്യാന്താപേക്ഷിതമാണ്. 

ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല. രാജ്യം അതിരൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അനിവാര്യമായ നമ്മുടെ രാജ്യത്തിന്‍റെ വികസനത്തിന്‌ ഊര്‍ജ്ജ ദൌര്‍ലഭ്യം ഒരു വിലങ്ങുതടി തന്നെയാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജോപഭോഗം കൂടംകുളം പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യപുരോഗതിക്ക് ഉതകുന്ന ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി ഊര്‍ജ്ജ പ്രതിസന്ധി അകറ്റിയില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ച പിന്നോട്ട് പോകുമെന്നതില്‍ സംശയമില്ല. 

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പിന്നോട്ടടിക്കുന്നതിനെതിരെ അലമുറയിടുന്നവരും, പവര്‍ക്കട്ട് വരുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരും രാജ്യത്തിന്‍റെ ഊര്‍ജ്ജോല്പാദനത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ആ പദ്ധതിയുടെ രാജ്യതാല്‍പര്യം  അടക്കമുള്ള എല്ലാ വശങ്ങളും വിശദമായി അവലോകനം ചെയ്യാതെ  സമരമുറകളുമായി മുന്നോട്ടു പോകുന്നത് നമ്മുടെ രാജ്യത്തെ പിന്നോട്ടടിപ്പിക്കാനേ സഹായിക്കുകയുള്ളൂ. 

വൈദ്യുതി എത്താത്ത എത്രയെത്ര ഗ്രാമങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. ചേരിപ്രദേശങ്ങളില്‍ പ്രകൃതിയോട് മല്ലിട്ട് കൊണ്ട് മരിച്ചു ജീവിക്കുന്ന എത്രയെത്ര പാവപ്പെട്ടവരുണ്ട് നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്. നിസ്സഹായരും നിരാലംബരുമായ ഈ പാവപ്പെട്ട ജനങ്ങള്‍ എന്നും വെട്ടവും വെളിച്ചവും കാണാതെ ഇരുട്ടറയില്‍ തന്നെ കഴിഞ്ഞാല്‍ മതിയോ? അവര്‍ക്കും വേണ്ടേ നരകയാതനകളില്‍ നിന്നും ഒരു മോചനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാവണമെങ്കില്‍ ഇത്തരം ഊര്‍ജ്ജ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു. 

എല്ലാ സുരക്ഷാ മാനദണ്ടങ്ങളും പാലിച്ചു കൊണ്ട് അതീവ ജാഗ്രതയോടു കൂടി പ്രവര്‍ത്തിപ്പിച്ചാല്‍ ആണവോര്‍ജ്ജം നമുക്ക് ലഭിക്കാവുന്ന ചിലവ് കുറഞ്ഞ ഊര്‍ജ്ജസ്രോതസ്സാകുന്നു. 

ഇന്ത്യയുടെ വൈദ്യുതോല്പാത്തനത്തിന്‍റെ മുഖ്യ സ്രോതസ്സ് താപവൈദ്യുത നിലയങ്ങലാണ്. ഈ നിലയങ്ങള്‍ വന്‍തോതില്‍ വാതകങ്ങള്‍ പുറത്ത് വിടുന്നു. ഈ ഹരിത ഗൃഹ വാതകങ്ങള്‍ ആഗോള താപനത്തിന് വരെ കാരണമാകുന്നു. ആണവ നിലയത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് അവ പുറംതള്ളുന്ന ആണവ മാലിന്യങ്ങളാണ്. അങ്ങനെയാണെങ്കില്‍ ആഗോളതാപനത്തിന്‍റെ പ്രധാന ഹേതുവായ താപനിലയങ്ങളും എതിര്‍ക്കപ്പെടേണ്ടത് തന്നെ. താപ നിലയങ്ങളില്ലാത്ത ഇന്ത്യയെ ഇന്നത്തെ സാഹചര്യത്തില്‍ ഒന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. 

ചെര്‍ണോബിലും ഫുകുഷിമയിലും ഉണ്ടായിട്ടുള്ള ന്യൂക്ലിയര്‍ ദുരന്തം നമുക്ക് മറക്കാന്‍ കഴിയില്ല. പക്ഷെ ആ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അവയൊക്കെ തരണം ചെയ്യുന്ന രീതിയിലുള്ള സുരക്ഷാ സിസ്റ്റം നടപ്പിലാക്കുകയാണെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടംകുളം പദ്ധതി യാഥാര്‍ത്യമാക്കാവുന്നതാണ്. ജപ്പാനും ജര്‍മ്മനിയുമൊക്കെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നു എന്ന് പറയുമ്പോഴും ഫ്രാന്‍സ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഭ്യന്തര ഊര്‍ജ്ജ ഉത്പാതനത്തിന്‍റെ 75 ശതമാനവും ആണവനിലയങ്ങളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. 
The nuclear power plant in Belleville sur Loire, France.

കാറ്റ്, സൗരോര്‍ജ്ജം എന്നിവയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഒരു സ്ഥിരതയുമില്ല. ഇവയില്‍ നിന്നൊക്കെ വ്യാവസായിക അടിസ്ഥാനത്തില്‍ ഊര്‍ജ്ജം ഉത്പാതിപ്പിച്ച് ജനോപകാരപ്രധമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ ഇനിയും സമയം എടുക്കും. ഇതൊന്നും അത്ര എളുപ്പവുമല്ല. പിന്നെയുള്ളത് ജലവൈദ്യുത പദ്ധതികളാണ്. മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ ഇവിടങ്ങളില്‍ നിന്നും ഉത്പാതിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു.

ഇറക്കുമതി ചെയ്ത ആണവനിലയങ്ങള്‍ പാടില്ല എന്നത് അംഗീകരിക്കാം. സുരക്ഷാകാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവുകയും ചെയ്യരുത്. ഒന്നിലധികം ഇറക്കുമതി റിയാക്ടരുകളുള്ള ആണവപാര്‍ക്ക്‌ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കൂടംകുളത്ത് സ്ഥാപിച്ചിട്ടുള്ള ഈ രണ്ട്‌ റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍പ്പെട്ടവയാണ്. 

ഇന്ത്യ - അമേരിക്ക ആണവകരാറിനു എത്രയോ മുമ്പ്‌ റഷ്യയില്‍ നിന്നും വാങ്ങിയതാണ് ഈ റിയാക്ടറുകള്‍.. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 15000 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. അത്കൊണ്ട് തന്നെ ഈ വൈകിയ വേളയില്‍ ആണവനിലയങ്ങള്‍ അടച്ചിടണം എന്ന് പറയുന്നത് പ്രായോഗികമല്ല. അത് തീര്‍ച്ചയായും രാജ്യ താല്പര്യത്തിന് എതിര് തന്നെയാണ്. 

പല സാമൂഹിക വിഷയങ്ങളിലും സമരപ്പന്തലില്‍ മുന്‍നിരയിലുണ്ടാകാറുള്ള സി.പി.എം പോലും കൂടംകുളം വിഷയത്തില്‍ രാജ്യതാല്പര്യം മുന്‍നിര്‍ത്തി പ്രായോഗിക നിലപാടാണ് കൈകൊണ്ടിട്ടുള്ളത് എന്ന കാര്യം ശ്രദ്ദേയമാണ്. ഇവിടെയാണ്‌ വിദേശ എന്‍. ജി.ഒ കളുടെ സഹായം സമരക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ ആരോപണത്തിന്‍റെ പ്രസക്തി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡ ഇക്കാര്യം പറയുകയും ചെയ്തു.

എങ്ങനെ പരിഹരിക്കാം?

1986 ല്‍ ചെര്‍ണോബില്‍ നടന്നതിനു സമാനമായ ഒരു ദുരന്തം വര്‍ഷങ്ങള്‍ക്കു ശേഷം ഫുക്കുഷിമയില്‍ ആവര്‍ത്തിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് എന്ന സമരക്കാരുടെ വാദം വളരെ പ്രസക്തമാണ്. ജനങ്ങളുടെ ഭീതി അകറ്റണമെങ്കില്‍  ഈ രണ്ടു ദുരന്തങ്ങളെയും പഠനവിധേയമാക്കേണ്ടതുണ്ട്. ഈ ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതിനൂതനമായ സുരക്ഷാ സംവിധാനങ്ങള്‍ ഡിസൈന്‍ ചെയ്തു കൊണ്ടായിരിക്കണം റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. 

ഇന്ന് ലോകത്ത്‌ നിലവിലുള്ളവയില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ നിലയമാണ് കൂടംകുളം ആണവനിലയമെന്ന റഷ്യയുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും അവകാശ വാദങ്ങളെ ശാസ്ത്രീയമായ അടിത്തറയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭൂകമ്പവും സുനാമിയും പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനാകുമോ? അത് സാദ്ധ്യമാണെങ്കില്‍ എങ്ങനെയെന്നുള്ളതിന്‍റെ ശാസ്ത്രീയ വിശദീകരണം അധികൃതര്‍ നല്‍കണം. ഇവിടെ നിന്നും പുറംതള്ളുന്ന ആണവ മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. 

ആണവനിലയത്തിനെതിരെ സമരം നടത്തുന്നവരെ വിശ്വാസത്തിലെടുത്ത്കൊണ്ട് അവരുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം ആവശ്യപ്പെട്ടത് പോലെ രാഷ്ട്രീയമായ ഒരു പരിഹാരത്തിനാവണം ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്. 

സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ ആയിരിക്കണം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. ജീവനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക തള്ളിക്കളയാനാവില്ല. നിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള വിധിയില്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 17 സുരക്ഷാ മാനദണ്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ പല കാര്യങ്ങളും പൂര്‍ത്തീകരിച്ചിട്ടില്ല എന്ന പ്രശാന്ത്‌ ഭൂഷന്‍റെ  ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അറ്റോര്‍ണി ജനറലിനു കഴിഞ്ഞിട്ടില്ല. അവയൊക്കെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളാണെന്നായിരുന്നു സര്‍ക്കാറിന്‍റെ വാദം. ഇത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിയില്ല. 

ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒരു പരിഹാരം സ്വതന്ത്രവും വിശ്വസീനയവുമായ ഒരു റെഗുലേറ്ററി  അതോറിറ്റിക്ക് രൂപം നല്‍കുക എന്നതാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് വ്യക്തമായ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതാവും കുറെകൂടി ഫലപ്രദമാവുക. 

കൂടംകുളം നിലയം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്. അവരുടെ പരമ്പരാഗത തൊഴിലാണത്. കടലില്‍ പോയി അന്നന്നത്തെ ജീവിതത്തിനുള്ള അന്നം കണ്ടെത്തുന്ന പാവപ്പെട്ട തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കരുത്. അവര്‍ക്ക് സ്വീകാര്യമായ പകരം സംവിധാനം ലഭ്യമാക്കേണ്ടത് അധികൃതരുടെ കടമയാണ്.

സമരക്കാരെ ഇങ്ങനെ നേരിടുന്നത് ശരിയോ?



മറ്റൊരു ജാലിയന്‍വാലാബാഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ജയലളിത സര്‍ക്കാര്‍ പ്രക്ഷോഭകരെ നേരിടുന്നത്. കൂടംകുളം സമരം രമ്യമായി പരിഹരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഡല്‍ഹിയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് സമരമുറകള്‍ക്ക് നവരൂപം പ്രാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 

കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സുശക്തമായി സംഘടിപ്പിക്കപ്പെട്ടവരാണ് തീരപ്രദേശത്തെ മീന്‍പിടുത്തക്കാര്‍. എന്നത് കൊണ്ട് തന്നെ ഒരു പോലീസ്‌ വെടിവെയ്പ്‌ കൊണ്ടൊന്നും തീരുന്ന പ്രശ്നമല്ല കൂടംകുളത്തെത്. സമരക്കാരെ വിശ്വാസത്തിലെടുത്ത് കൊണ്ട് അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. മാവോയിസ്റ്റുകള്‍ ആരെയെങ്കിലും തട്ടിക്കൊണ്ടു പോയി ബന്ധിയാക്കിയാല്‍ ഗവണ്മെന്റ് ഒരു നെഗോഷിയെഷന്‍ ടീമിനെ ഏര്‍പ്പാടാക്കി അവരുമായി ചര്‍ച്ച നടത്തുന്നു. കൂടംകുളത്ത് ഇത്രയും വലിയ ഒരു പ്രക്ഷോഭം ഉണ്ടായിട്ടും സര്‍ക്കാര്‍ സമരക്കാരുമായി സംസാരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. 


അവരെ കായികമായി നേരിട്ട് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. പോലീസ്‌ വെടിവെയ്പും ലാത്തിചാര്‍ജുമൊക്കെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയെ ഉള്ളൂ. സമരപ്രദേശത്ത് അടിയന്തരമായി വൈദ്യ സഹായമെത്തിക്കണം.