Wednesday, October 3, 2012

ഇന്ത്യയിലെ ഫുട്ബോള്‍ പ്രതിഭാശാല പൂട്ടിയോ?

2012 നെഹ്‌റു കപ്പ് നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം 
ആഫ്രിക്കന്‍ സിംഹങ്ങളായ കാമറൂണിന്‍റെ കിരീടമോഹങ്ങള്‍ തകര്‍ത്ത്‌ നെഹ്‌റു കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ ഹാട്രിക്‌ വിജയഭേരി നാം കണ്ടു. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു തലക്കെട്ട്‌ ഇവിടെ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കും. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍റെ  75êÞ¢ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നെഹ്‌റു കപ്പിലെ ഹാട്രിക്‌ കിരീടം കൊണ്ട് ടീം ഇന്ത്യ തിലകക്കുറി ചാര്‍ത്തിയപ്പോള്‍ പ്രത്യേകിച്ചും.  ഡല്‍ഹിയില്‍ ടീം ഇന്ത്യ കിരീടം ഉയര്‍ത്തുമ്പോള്‍ ഒരു മലയാളി കളിക്കാരന്‍ പോലും ടീമിലെ റിസേര്‍വ് ബെഞ്ചില്‍ പോലും ഇല്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഒരു കാലത്ത്‌ ഇന്ത്യന്‍ ഫുട്ബോളിന്‍റെ  പ്രതിഭാശാലയായിരുന്നു കേരളം. ഇന്ന് എന്ത് പറ്റി ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതിഭാ ഫാക്ടറിക്ക്?

ഡച്ചുകാരന്‍ കോച്ച് കോവര്‍മാന്‍സിന്‍റെ കീഴില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണ്. ഇന്ത്യയുടെ പഴയ കിക്ക്‌ ആന്‍ഡ്‌ റണ്‍ ശൈലി വിട്ട് മനോഹരമായ പാസിംഗ് ഗെയിം കൂടി കണ്ട ഒരു ടൂര്‍ണമെന്ടായിരുന്നു ഇത്തവണത്തെ നെഹ്‌റു കപ്പ്. ടോട്ടല്‍ ഫുട്ബോളിന്‍റെ വക്താക്കളായ ഹോളണ്ടില്‍ നിന്നും വന്ന പുതിയ കോച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചപ്പോള്‍ അതിന്‍റെ ഗുണഭോക്താവാവാന്‍ ഒരു മലയാളി താരം പോലുമില്ല എന്നത് കേരളത്തിലെ കായിക ഭരണകര്‍ത്താക്കന്മാര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. 

ഇന്ത്യന്‍ നായകന്‍ സുനില്‍ ചെത്രിയും, കോച്ച് കിം കോവര്‍ മാന്‍സും
എന്തുപറ്റി കേരളത്തിനെന്ന എന്നെപ്പോലെയുള്ള കാല്‍പന്തു കളിയെ സ്നേഹിക്കുന്നവരുടെ ചോദ്യത്തിന് ആരുത്തരം പറയും?. നിലച്ചുപോയ ടൂര്‍ണമെന്റുകളുടെ ഓര്‍മ്മകളും, കുറെ നല്ല കളിക്കാരെ കുറിച്ചുള്ള മേനിപറച്ചിലുമല്ലാതെ എന്തുണ്ട് കേരളത്തിന്?. ഓരോ സന്തോഷ്‌ ട്രോഫിക്കും കേരളം പോകുമ്പോള്‍ കേട്ടുതുടങ്ങുന്നത് ഐ.എം വിജയനടക്കമുള്ള പഴയ താരങ്ങളുടെ കഴിവിനെ കുറിച്ചുള്ള കഥകളാണ്.  1973-ല്‍ റെയില്‍വേസിനെ പരാജയപ്പെടുത്തി ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തില്‍ കേരളം സന്തോഷ്‌ ട്രോഫിയില്‍ ജേതാക്കളായത് മുതല്‍ തുടങ്ങും ചരിത്രം പറച്ചില്. സേവിയര്‍ പയാസിന്‍റെ, എന്‍.എം. നജീബിന്‍റെ, വി.പി. സത്യന്‍റെ, ഷറഫലിയുടെ, പാപ്പച്ചന്‍റെ, ചാക്കോയുടെ, ഐ.എം. വിജയന്‍റെ, വി.പി. ഷാജിയുടെ, ജോപോള്‍ അഞ്ചേരിയുടെ കാലം വരെയുള്ള കഥകള്‍ നാം കേള്‍ക്കും. സന്തോഷ്‌ ട്രോഫി കളിക്കാനായി തട്ടിക്കൂട്ടിയെടുക്കുന്ന ടീമിന്‍റെ ഏക ഉത്തേജക മരുന്നാണ് ഈ കഥകള്‍. പക്ഷെ സമ്പന്നാമായ ഭൂതകാലം കളിക്കളത്തില്‍ തെല്ലും സഹായിക്കില്ല എന്ന തിരിച്ചറിവാണ്‌ ഈയിടെ നടന്ന സന്തോഷ്‌ ട്രോഫികള്‍ നമുക്ക് നല്‍കിയത്.

ഐ.എം വിജയന്‍റെ കുതിപ്പ് 
കേരളത്തിനു പിഴക്കുന്നത് എവിടെയാണ്?. മലപ്പുറം പോലെയുള്ള ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്ത നാടുകളില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. പക്ഷെ അവരെ അന്താരാഷ്‌ട്ര നിലവാരത്തിലെക്കെത്തിക്കാന്‍ ഇന്നത്തെ കായിക ഭരണകൂടത്തിനു കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളം ദേശീയ ഫുട്ബോളില്‍ വ്യക്തമായ മേല്‍ക്കോയ്മ നേടിയിരുന്നത് കേരളത്തിന്‌ സ്വന്തമായി ടീമുകള്‍ ഉണ്ടായിരുന്ന കാലത്താണ്. പ്രീമിയര്‍ ടയേര്‍സും, കേരള പോലീസും, എസ്.ബി.ടി യും, ടൈറ്റാനിയവും, കെല്‍ട്രോനും, എഫ്. സി കൊച്ചിനുമൊക്കെ സജീവമായിരുന്ന കാലത്ത് ദേശീയ തലത്തില്‍ കേരള ഫുട്ബോള്‍ പ്രതിഭകളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി ഒന്ന് എടുത്തു നോക്കൂ. മികച്ച രീതിയില്‍ കളിക്കുന്ന കളിക്കാരുള്ള എത്ര ക്ലബ്ബുകള്‍ കേരളത്തിലുണ്ട്?. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ്‌ ആയിരുന്ന എഫ്.സി കൊച്ചിന് സംഭവിച്ചത് തന്നെയല്ലേ ഇന്ന് വിവാ കേരളയ്ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പുതിയ മാനേജ്മെന്റിനു കീഴില്‍ ഐ - ലീഗ് കളിച്ച അവര്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. ഇന്ന് നമ്മുടെ ദേശീയ ലീഗില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായതിനു ഉത്തരവാദികള്‍ ആരാണ്?.

എഫ്.സി കൊച്ചിന്‍ ടീം അതിന്‍റെ സുവര്‍ണ്ണ കാലത്ത് 
കേരളത്തില്‍ ഇപ്പോഴുള്ള മികച്ച താരങ്ങളെ കുറിച്ച് ധാരനയുണ്ടാക്കാനും അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തി തന്ത്രങ്ങള്‍ രൂപപ്പെടുത്താനും പരിശീലകര്‍ക്കും സാധിക്കുന്നില്ല.  പക്ഷെ അവരെ മാത്രം കുറ്റം പറഞ്ഞത് കൊണ്ടും കാര്യമില്ല. കെ.എഫ്.എ യുടെ പദ്ധതികളിലാണ് സമൂലമായ മാറ്റം കൊണ്ടുവരേണ്ടത്. സന്തോഷ്‌ ട്രോഫിക്കുള്ള പരിശീലകനെ  ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന്‍റെ രണ്ടു മാസം മുമ്പ്‌ നിയമിക്കുന്ന രീതി മാറണം. ഈയിടെ കോച്ച് എം.എം ജേക്കബ്‌ അഭിപ്രായപ്പെട്ടത് പോലെ ചുരുങ്ങിയത് ഒരു വര്‍ഷം മുമ്പെങ്കിലും നിയമിക്കണം. ഈ കാലയളവിനുള്ളില്‍ കളികള്‍ കണ്ട് കൊച്ചിന് കളിക്കാരെ കണ്ടെത്താനാവും. ഇവിടെയെല്ലാം ചടങ്ങിനു വേണ്ടി ചെയ്തു തീര്‍ക്കുന്ന കെ.എഫ്.എ മിഴി തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

നമ്മുടെ ഫുട്ബോളും നമ്മുടെ താരങ്ങളും നമ്മളില്‍ നിന്ന് അകന്നു പോയി. ഇത് തന്നെയാണ് കേരള ഫുട്ബോളിന് സംഭവിച്ച ദുരന്തങ്ങളിലൊന്ന്. മുന്‍ കാലങ്ങളില്‍ കേരളത്തിന്‍റെ ടീമില്‍ ഇടം കിട്ടുക എന്നത് ഒരു താരത്തിന്‍റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു.  ആ കാലങ്ങളിലെ കളിക്കാരുടെ പേരുകള്‍ ഇന്നും വള്ളിപുള്ളി വ്യത്യാസമില്ലാതെ നമുക്ക് പറയാന്‍ കഴിയും. ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസിലെയും 1992 ലെയും   1993 ലെയും സന്തോഷ്‌ ട്രോഫി നേടിയ  കേരള ടീമിലെയും താരങ്ങള്‍ ആരൊക്കെയാണെന്ന് ഓര്‍ത്ത്‌ നോക്കിയേ. എന്‍റെ കുട്ടിക്കാലത്ത്  നടന്ന സംഭവങ്ങളായിട്ട് കൂടി ആ പേരുകള്‍ മറന്നിട്ടില്ല.  ചാക്കോ, യു. ഷറഫലി, സത്യന്‍, പാപ്പച്ചന്‍, കുരികേഷ്‌ മാത്യു, ഹര്‍ഷന്‍, മാത്യു വര്‍ഗീസ്‌, രാജീവ്‌ കുമാര്‍, അജിത്‌ കുമാര്‍, വിജയന്‍ തുടങ്ങിയവരെയൊന്നും ഒരു കാലത്തും മലയാളികള്‍ മറക്കില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആവര്‍ത്തിക്കപ്പെട്ട കേരള താരങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് എളുപ്പമാവില്ല.  അതാണ്‌ ഞാന്‍ പറഞ്ഞത് നമ്മുടെ ഫുട്ബോളും നമ്മുടെ കളിക്കാരും നമ്മളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടങ്കം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും, ജര്‍മന്‍ ബുണ്ടസ് ലീഗയെയും, സ്പാനിഷ് ലാലീഗയെയും, ഇറ്റാലിയന്‍ സീരി - എ യുമൊക്കെ ആശ്രയിച്ചു രാത്രിയിലെ ഉറക്കം ഒഴിവാക്കി പകലുറങ്ങുന്നവരായി മാറിയത്‌..

1992 - ലെ സന്തോഷ്‌ ട്രോഫി നേടിയ കേരള ടീം വി.പി സത്യന്‍റെ നേതൃത്വത്തില്‍ വിജയാഹ്ലാദം നടത്തുന്നു.
താഴെത്തട്ട് മുതലുള്ള ഫുട്ബോള്‍ വികസനമാണ് കെ.എഫ്.എ ലക്‌ഷ്യം വെക്കേണ്ടത്.  മണിക്കൂര്‍ തോറും പ്രഖ്യാപനം നടത്തുന്ന നമ്മുടെ കായിക മന്ത്രിക്ക്‌ ഒരു ഫുട്ബോള്‍ അക്കാദമിയെ കൂടി ആ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്തിക്കൂടെ.  കൊച്ചിയില്‍ അംബേദ്കറുടെ പേരിലുള്ള സ്റ്റേഡിയം, കോട്ടയത്തെ നാഗമ്പടം നെഹ്‌റു സ്റ്റേഡിയം, തിരുപനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം ഇവയൊക്കെ ഇന്ന് പൊതുപരിപാടികള്‍ക്കായി വിട്ടുകൊടുക്കുന്നത് തുടര്‍ക്കഥയായതോടെ കായിക താരങ്ങള്‍ക്ക് അന്യമാവുന്നു. മൈതാനം കായിക താരങ്ങളുടെ പരിശീലനത്തിന് നല്‍കുന്നതിനേക്കാള്‍ അധികൃതര്‍ക്ക്‌ താല്‍പര്യം മറ്റു പൊതുപരിപാടികള്‍ക്ക് നല്‍കുന്നതിലാണ്. 


ഓണാഘോഷത്തോട് അനുബന്ധിച്ച് ഏകദേശം ഒരാഴ്ചയോളം ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തിയത് കോട്ടയത്തെ നെഹ്‌റു സ്റ്റേഡിയാത്തിലായിരുന്നു. സ്റ്റേഡിയത്തിന് നടുവിലായി കാറുകള്‍ ഇട്ടതോടെ ഫുട്ബോള്‍ പരിശീലനം പൂര്‍ണ്ണമായും നിലച്ചു.   ഈ ദിവസങ്ങളില്‍ കായികതാരങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പോലും നിഷേധിച്ച അവസ്ഥയായിരുന്നു. നഗരത്തില്‍ കാര്‍മേളകള്‍ നടത്താനും, ഹെലികോപറ്റര്‍ ഇറക്കാനും മറ്റു നിരവധി സ്ഥലങ്ങള്‍ ഉള്ളപ്പോഴാണ് കായിക കേരളത്തിന്‍റെ കുതിപ്പിന് കരുത്താവേണ്ട പുത്തന്‍ താരങ്ങളുടെ പരിശീലനം മുടക്കുന്ന മേളകളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.  സ്പോര്‍ട്സ്‌ പരിപാടികള്‍ക്കല്ലാതെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കെ സ്റ്റേഡിയം വിട്ടുനല്‍കാവൂ എന്നതാണ് വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. ഫുട്ബോളിന്‍റെ ഈറ്റില്ലമായ മലബാറിലെ പല ഗ്രൗണ്ട്കളും മയക്കുമരുന്ന് കച്ചവടക്കാരുടെയും ലൈംഗികത്തൊഴിലാളികളുടെയും കേന്ദ്രമായി കിടക്കുന്നു. ആയിരം സ്റ്റേഡിയങ്ങളുണ്ടാക്കുകയല്ല ഉള്ള സ്റ്റേഡിയം നന്നായി നോക്കുക എന്നതാണ് കായികരംഗത്തെ ആദ്യ ബാലപാഠം. 



അംബേദ്‌കര്‍ സ്റ്റേഡിയം 

നമ്മുടെ ഫുട്ബോള്‍ രക്ഷപ്പെടണമെങ്കില്‍ വളരെ മികച്ച ഭൌതിക ഘടന ആവശ്യമുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ഭരണപരമായ സംവിധാനം വേണം. വിദേശ രാജ്യങ്ങളിലെ പോലെ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കോര്‍പറേറ്റുകളുടെ ഭാഗത്ത്‌ നിന്നും നല്ല പിന്തുണ ലഭിക്കണം. എങ്കില്‍ മാത്രമേ ഫുട്ബോള്‍ വികസനം സാധ്യമാവുകയുള്ളൂ.

ഫുട്ബോള്‍ കളിക്കാന്‍ താല്‍പര്യമുള്ള കുട്ടികളെ അഞ്ചാം വയസ്സില്‍ തന്നെ കണ്ടെത്തണം. സ്കൂള്‍ പഠനത്തോടൊപ്പം തന്നെ കളിക്കാനുള്ള അവസരമൊരുക്കുക. ഏഴു വയസ്സിനു താഴെയുള്ള വിഭാഗം മുതല്‍ ഔദ്യോഗിക മത്സരങ്ങളുണ്ട്. ക്ലബ്ബുകള്‍ ഇതിനായി അക്കാദമികള്‍ തുടങ്ങണം. രണ്ടു വര്‍ഷം ഈ കുട്ടികളെ വിലയിരുത്തുക. കഴിവുള്ളവരെ നിലനിര്‍ത്തുക അല്ലാത്തവരെ മടക്കിയയക്കുക. ലോകത്ത് വിജയം കൈവരിച്ചിട്ടുള്ള പ്രമുഖ ക്ലബ്ബുകളെല്ലാം അവലംബിച്ച് കൊണ്ടിരിക്കുന്ന ശൈലിയാണിത്. ഈ ആശയം പ്രായോഗികമാക്കി വിജയം കൈവരിച്ച പ്രമുഖ ക്ലബ്ബാണ് സ്പെയിനിലെ  ബാര്‍സിലോണ.  സാവിയും, മെസ്സിയും, പുയോളും, പിക്കെയും, പെഡ്രോയുമെല്ലാം ബാര്‍സയുടെ അക്കാദമിയില്‍ ആറാം വയസ്സ് മുതല്‍ ഒപ്പം കളിക്കുന്നു. ഇത് തന്നെയാണ് ലോകത്തേറ്റവും മനോഹരമായ പാസിംഗ് ഗെയിം കളിക്കുന്ന ബാര്‍സലോണയുടെ വിജയരഹസ്യം. സ്പെയിനില്‍ അത്തരം പദ്ധതികള്‍ ആവിഷകാരിച്ച് നടപ്പിലാക്കിയതിന്‍റെ ഫലമായിട്ടാണ് അവര്‍ ഇന്ന് ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരുമൊക്കെയായി ലോക ഫുട്ബോളിന്‍റെ അമരക്കാരായി മാറിയത്.



2011 -ല്‍ പുറത്തിറങ്ങിയ സെപ്റ്റ് ബാച്ച്

ഫുട്ബോളില്‍ മികവ് പുലര്‍ത്തുന്ന കൊച്ചു കുട്ടികളെ  കണ്ടെത്തി പരിശീലനം നല്‍കുന്നതില്‍ സജീവമായി രംഗത്തുള്ള സെപ്റ്റ് (Sports and Education Promotion Trust) ഇന്ത്യയില്‍ ഇതിനകം തന്നെ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഫിന്‍ലാന്റില്‍ നടന്ന കൊക്കക്കോള കപ്പ്‌ വിജയമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. സെപ്റ്റില്‍ ഏഴ് വര്‍ഷത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ   ആദ്യ ബാച്ചിലെ ഹനാന്‍ ജാവേദിനെയും, അനിസിനെയും, ലാസിം അലിയെയുമൊക്കെ ഭാവിയില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ നമുക്ക് കാണാം. ഇതില്‍ തന്നെ ജാവേദും, അനീസും ഫ്ലോറിഡയിലെ ഫുട്ബോള്‍ അക്കാദമിയില്‍ ഇപ്പോഴും പരിശീലനം നടത്തുന്നുണ്ട്. 2004 -ല്‍ അരുണ്‍ കെ. നാണുവിന്‍റെ നേതൃത്വത്തില്‍ ആറു ഫുട്ബോള്‍ പ്രേമികള്‍ തുടങ്ങിയ സംഘടനയാണ് സെപ്റ്റ്. അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. വിദേശത്ത്‌ പോയി പരിശീലനം നടത്താനും, വിദേശ കോച്ചുകളെ ഇവിടെ കൊണ്ടുവരാനുമൊക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് സെപ്റ്റിനു ആവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടതായിട്ടുണ്ട്.

എന്ത് പറ്റി മലയാളനാടിന്‍റെ ടൂര്‍ണമെന്റുകള്‍ക്ക്? നാഗ്ജി, ചാക്കോള, ശ്രീനാരായണ, സിസേര്‍സ് കപ്പ്, നെഹ്‌റു ട്രോഫി, കണ്ണൂരിലെ കോരന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ ട്രോഫി, തൃശൂരിലെ എന്‍.ഐ. ഡേവിഡ്‌ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അങ്ങനെ ഓര്‍മ്മകളായി മറഞ്ഞു പോയ എത്രയെത്ര ടൂര്‍ണമെന്റുകള്‍ ഉണ്ടായിരുന്നു. അതായിരുന്നു കേരള ഫുട്ബോളിന്‍റെ സുവര്‍ണ്ണകാലം. കോഴിക്കോട്ടെ മുള ഗാലറി മാറി മനോഹരമായ സ്റ്റേഡിയം വന്നു. പക്ഷെ കാല്‍പന്തു കളിയുടെ ചടുല സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം ഇന്നത്തെ കോഴിക്കോട്ടുകാര്‍ക്ക് ഭാഗ്യമില്ലാതെ പോയി.  ഈ അവസ്ഥക്ക് മാറ്റം വന്നെങ്കിലേ നമ്മുടെ കായിക സ്വപ്‌നങ്ങള്‍ പൂവണിയുകയുള്ളൂ. നിലച്ചു പോയ ടൂര്‍ണമെന്റുകള്‍ പുനസ്ഥാപിക്കാന്‍  അധികൃതരുടെ ഭാഗത്ത്‌ നിന്ന് ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നമ്മുടെ പന്തിലും കാറ്റ്‌ നിറയുകയുള്ളൂ.



ഓര്‍മ്മകളായി മാറിയ തൃശൂരിലെ ഫുട്ബോള്‍ ടൂര്‍ണമെന്റ്
ഇന്ത്യ ഇന്ന് ഫുട്ബോളിന്‍റെ വലിയ വിപണിയായി വളര്‍ന്നു വരികയാണ്. ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ വിദേശ ക്ലബ്ബുകള്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ നായകന്‍ സുനില്‍ ചേത്രി പോര്‍ചുഗലിന്റെ മുന്‍നിര ക്ലബ്‌ ആയ സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ ചേക്കേറിയത് ഇത്തരം ശ്രമത്തിന്‍റെ ഭാഗമായി കാണാം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ കൈപിടിക്കാന്‍  ഫിഫ തയ്യാറാവുന്ന കാഴ്ചയാണ് നാം കാണുന്നത്.  ഇന്ത്യയിലെ ഫുട്ബോള്‍ വികസനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഫിഫ സെക്രടറി ജനറല്‍ ജെറോം വാല്‍ക്കം ഡല്‍ഹിയിലെത്തി ഫെഡറഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി.ഇന്ത്യന്‍ ഫുട്ബോളിന്‍റെ വരാനിരിക്കുന്ന നല്ല കാലത്തെ കുറിച്ച് ഫുട്ബോള്‍ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാല്‍വെയ്പ്പുകളാണിവ. എന്നാല്‍ ഇന്ത്യയില്‍ ഫുട്ബോളിന്‍റെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സംസ്ഥാനമായ കേരളം മാത്രം ഇതിനോടെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നത് കാല്‍പന്തു കളിയെ സ്നേഹിക്കുന്ന കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശയുളവാക്കുന്നു.


നെഹ്‌റു കപ്പില്‍ കളിക്കാനെത്തിയ കാമറൂണിന്‍റെ കോച്ച് ഇമ്മാനുവല്‍ ഡുംബെ ബോസോവിന്‍റെ ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. "ലോക്കല്‍ ലയണ്‍സ്" എന്ന പേരിലറിയപ്പെടുന്ന ആശയമാണ് കാമറൂണിനെ ലോക ഫുട്ബോളിന്‍റെ ഭൂപടത്തില്‍ ശക്തരുടെ നിരയിലെത്തിച്ചത്. രാജ്യത്തിനു കളിക്കാന്‍ കൊതിക്കുന്ന കളിക്കാരെ പ്രാദേശിക ലീഗിലൂടെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയാണിത്. നാടുനിറയെ കളി.അവിടുത്തെ പ്രാദേശിക ലീഗുകളിലൂടെ തദ്ദേശീയരായ അനവധി താരങ്ങള്‍ വളര്‍ന്നു വരുന്നു. അങ്ങനെ വളര്‍ന്നു വന്ന താരമാണ് ലോക ക്ലബ്‌ ഫുട്ബോളിലെ വിലപിടിപ്പുള്ള താരങ്ങളിലൊരാളും, മുന്‍ ബാര്‍സലോണ താരവുമായ സാമുവല്‍ ഏറ്റു. ഇത്തരത്തില്‍ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി മത്സരങ്ങള്‍ക്കായി കായികമായും മാനസികമായും തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നമ്മുടെ ഫുട്ബോള്‍ രക്ഷപ്പെടുകയുള്ളൂ.ഇന്ത്യന്‍ ഫുട്ബോളിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയി ഡച്ചുകാരന്‍ റോബര്‍ട്ട്‌ ബാനിനെ നിയമിച്ചത് ഇതിന്‍റെ ആദ്യപടിയായി കാണാം. 


റോബര്‍ട്ട് ബാന്‍ 
68കാരനായ ബാന്‍ ഈ പദവിക്ക് ഏറെ യോഗ്യനാണ്. 1981 -ല്‍ ഹോളണ്ടിന്‍റെ കോച്ചായിരുന്ന ബാന്‍ 2007- ല്‍ ഓസ്ട്രേലിയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയിരുന്നു. പി.എസ്.വി ഐന്തോവന്‍, ഫെയിനൂര്‍ഡ് തുടങ്ങിയ ലോക പ്രശസ്ത ക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാന്‍ ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ രണ്ടഭിപ്രായമില്ല. ബ്രസീലിന്‍റെ റൊണാള്‍ഡോ, ഹോളണ്ടിന്‍റെ മാര്‍ക്ക്‌ വാന്‍ബാസ്റ്റാന്‍, വാന്‍ പഴ്സി, ക്യുയിട്ട് തുടങ്ങിയ ലോകോത്തര താരങ്ങള്‍ ബാനിന്‍റെ ശിക്ഷണം ലഭിച്ചവരാണ്. നമുക്ക്‌ പ്രതീക്ഷിക്കാം കോവര്‍മാന്‍സും ബാനും ഇന്ത്യക്ക് ഭാഗ്യം കൊണ്ട് വരുമെന്ന് ഒപ്പം ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതിഭാ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുമെന്നും. 








21 comments:

  1. ചെറിയ കുട്ടികളെ ഇപ്പൊ നമ്മുടെ നാട്ടിലൊക്കെ പരിശീലിപ്പിക്കുന്നത് കാണാമല്ലോ.. അവരൊക്കെ വലിയ കളിക്കാരായി ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കാം...

    ReplyDelete
  2. ഇതൊരു മുഖ്യധാരാ മാധ്യമത്തിൽ വരേണ്ടുന്ന ലേഖനമാണു

    ReplyDelete
  3. നമ്മുടെ രാജ്യം ഇനി വരുന്ന 20 വർഷത്തിനുള്ളിൽ ഒരിക്കലും ഒരു ഇന്റർനാഷണൽ നിലവാരത്തിലേക്ക് ഇയരുന്ന ഒരു ഫുട്ബാൾ ടീമാകില്ല എന്നത് തീർച്ച ....
    പരിഷിലനവും കായിക ക്ഷമതയും വളർത്തികൊണ്ടു വരുന്നതിലുള്ള പാളച്ചകൾ നാം ഈ ഫീൽഡിൽ തുടർന്നു കൊണ്ടേയിരിക്കുന്നു
    പിന്നെ ക്രിക്കറ്റ് പോലുള്ള ഗൈയ്മ്സ് രാജ്യത്തിന്റെ മേന്മ ഉയർത്തുമ്പോൾ അതിലേക് തന്നെ ആയിരിക്കും പമ്പൻ കമ്പനികളുടെ ഇറ്റുനോട്ടം

    ReplyDelete
  4. ഫുട്ബോള്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടില്ല എന്നതാണ് ഇന്ത്യയില്‍ സംഭവിച്ച ദുരന്തം. ലാറ്റിന്‍ അമേരിക്കയിലും യൂറോപ്പിലും കാല്‍പ്പന്തുകളി ദേശീയതയാണ്. എഴുപതുകളുടെയും എണ്‍പത്കളുടെയും സാമൂഹികാവസ്ഥ ഇന്നും നടമാടുന്ന റിയോയുടെയും ബ്യൂണസ് അയെഴ്സിന്റെയും പ്രാന്തപ്രദേശങ്ങളില്‍ വിശപ്പ്‌ മറക്കാന്‍ (ചിലര്‍ക്കെങ്കിലും കോടീശ്വരന്മാര്‍ ആവാന്‍ ) ഏക ഉപാധിയാണ് തുന്നിക്കെട്ടിയ കാറ്റ് കുറഞ്ഞ ഒരു ഫുട്ബോള്‍. ഒരു പക്ഷെ, കേരളത്തിന്റെ ഫുട്ബോള്‍ സമ്പത്തിനോടും പാരമ്പര്യതിനോടും ഉപമിക്കാവുന്നത്‌ ഇതേ ലാടിന്‍ അമേരിക്ക തന്നെയാവും. ശാരീരിക ശേഷിയിലും ശരീര പ്രകൃതിയിലും ഏകദേശം ദക്ഷിനെന്ത്യയോടു താരതമ്യപ്പെടുത്താവുന്നതാണ് അവിടത്തെ ജനങ്ങളെയും. യൂറോപ്പിലെയും ആഫ്രിക്കയിലെയും മധ്യെഷ്യയിലെയും ഭീമാകാരന്മാരോട് കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അത് നമുക്കും സാധിയ്ക്കും. പ്രതിഭാസമ്പത്തില്‍ ബ്രസീലിനും അര്‍ജെന്റീനക്കും ഒപ്പം നില്‍ക്കുന്ന ഭൂഗോളത്തിലെ ഒരിടമാണ് കേരളം. പക്ഷെ, ഇവിടെ വിശപ്പ്‌ മറക്കാന്‍ ഫുട്ബോള്‍ എന്ന അവസ്ഥ ഇന്ന് നിലവിലില്ല. അത് കൊണ്ട് തന്നെ പ്രതിഭകള്‍ സാമ്പത്തികമെച്ചം ഉള്ള മറ്റു മേഖലകളിലേക്ക് ചേക്കേറുന്നു. ഒരു മധ്യവര്‍ഗ സമൂഹത്തിന്റെ ഉദ്യോഗത്തെ കുറിച്ചും സമ്പാദ്യത്തെ കുറിച്ചും ഉള്ള ധാരണകളും ഇതിനു കാരണമാകുന്നു.
    ഇനി ഉള്ള പ്രതിഭകളെ കണ്ടെത്തിയാല്‍ തന്നെ, കടുപ്പമേറിയ മത്സരങ്ങളില്‍ നമ്മുടെ കളിക്കാര്‍ക്ക്‌ പ്രതിബന്ധം ആകുന്നതു അവരുടെ ശാരീരിക ക്ഷമതയാണ്. എഴുപതു മിനിറ്റ് പോലും ഹൈ സ്പീഡ് വണ്‍ ടച്ച്‌ പാസ്സിംഗ് ഗെയിം കളിയ്ക്കാന്‍ ശാരീരിക ക്ഷമത ഉള്ള ഒരു കളിക്കാരന്‍ പോലും ഇന്ത്യയില്‍ ഉണ്ടോ എന്നത് സംശയമാണ്. പക്ഷെ, ഇത് ചിട്ടയായ , കതിരില്‍ വളം വെക്കുന്ന രീതിയില്‍ അല്ലാത്ത , ദീര്‍ഘ വീക്ഷണത്തോടെ ഉള്ള പരിശീലനങ്ങളിലൂടെ സാധ്യമാണ്. താഴ്ന്ന ഊഷ്മാവില്‍ ഉയര്‍ന്ന സ്ഥലത്ത് ദിവസവും മണിക്കൂറുകളോളം പ്രാക്ടീസ് ചെയ്യുന്നത് നമ്മുടെ പ്രതിഭകളുടെ ഈ ദൌര്‍ബല്യം പരിഹരിയ്ക്കും. തൊണ്ണൂറു അല്ലെങ്കില്‍ നൂറ്റി ഇരുപതു മിനിട്ടിനു വേണ്ടി അഞ്ചു മണിക്കൂറോളം (250 % അധികം) തുടര്‍ച്ചയായി കഠിനമായി പ്രാക്ടീസ് ചെയ്യുന്ന പ്രൊഫെഷണല്‍ സമീപനം ഇന്ന് ലോകത്തെ വമ്പന്മാരായ എല്ലാ കളിക്കാര്‍ക്കും ഉള്ളത് കൊണ്ട് മാത്രമാണ് അവര്‍ ഇന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത്. ഒരു പക്ഷെ, പ്രതിഭയില്‍ അവരെക്കാളൊക്കെ മുന്നില്‍ ഉള്ള എത്രയോ പേര്‍ നമുക്ക് ചുറ്റും ഉണ്ട്. പക്ഷെ, അവര്‍ കഠിനമായി പരിശീലിയ്ക്കുന്ന സമയം എത്ര? ഇങ്ങനെ ചിട്ടയായ ഒരു പരിശീലന പദ്ധതി ബാലപ്രതിഭകള്‍ക്ക് ഏര്‍പ്പാട് ചെയ്യുന്നതിനും, അവരില്‍ പന്ത് തട്ടുംപോഴത്തെ മാനസിക സംതൃപ്തിയ്ക്കുപരി ദീര്‍ഘവീക്ഷണത്തോടെയുള്ള ഗെയിം പ്ലാനുകള്‍ വളര്‍ത്തി എടുക്കാനുമാണ് അധികാരികള്‍ ശ്രദ്ധിക്കേണ്ടത്.
    മാത്രമല്ല, നമ്മള്‍ മലയാളികള്‍ക്ക് ഫുട്ബാള്ളിനോടുള്ള പ്രണയം മൂത്തത് കാരണം, സൌന്ദര്യാത്മകതയോടും സ്കില്ലിനോടും ആണ് കൂടുതല്‍ താല്പര്യം. രിസള്‍ട്ടിനോടും ശാരീരിക ക്ഷമതയോടും അല്ല. :-)).
    സ്കില്ലിനൊപ്പം ആക്രമണോത്സുകതയും ശാരീരികക്ഷമതയും ( മലയാളികളോട് താരതമ്യപ്പെടുത്തരുത്. ആഫ്രിക്കന്‍/യൂറോപ്യന്‍ നിലവാരം വേണം-മൂക്കില്ലാരാജ്യത്തെ സ്ഥിതി ആവരുത്.) ഉണ്ടെങ്കില്‍ ഇവിടെ നിന്നും ഉയരും ആയിരം മെസ്സികള്‍. ഈ ഒരു കാര്യത്തില്‍ ഏറ്റവും വലിയ ഉദാഹരണവും മെസ്സി തന്നെ. വലിയ ഉയരമില്ലാത്ത, ബാല്യത്തില്‍ ആരോഗ്യം തീരെ ഇല്ലാതിരുന്ന ഇന്ന് ലോക ഫുട്ബോളിന്റെ നെറുകയില്‍ നില്‍ക്കുന്ന അതെ മെസ്സി.

    ReplyDelete
  5. നേരത്തെ വായിച്ചിരുന്നു. നാട്ടിലെ ഫുട്ബാള്‍ കളികാരെയും ക്രിക്കെറ്റ് കളിക്കാരെയും തേടി കണ്ടു പിടിച്ചു ട്രെയിനിംഗ് കൊടുക്കല്‍ മാത്രമല്ലല്ലോ സര്‍ക്കാരുകളുടെ ജോലി. പ്രതിഭയുണ്ടെങ്കില്‍ അവസരം ഓട്ടോറിക്ഷ പിടിച്ചും വരുമെന്നാണ് പീ ടി ഉഷയും , ജിമ്മി ജോര്‍ജും, ടോം ജോസെഫും, ഐ എം വിജയനും തെളിയിച്ചത്...ഇപ്പോള്‍ ഇര്‍ഫാനും ദിജുവും, ടിന്റു ലൂക്കയും അത് തന്നെയാണ് തെളിയിക്കുന്നത് ! സ്വപ്രയ്ത്നവും, ദ്രിഡനിശ്ചയവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുന്ടെങ്കില്‍ ഒരു സര്‍ക്കാരിന്റെയും സഹായമില്ലാതെ മുന്നേറാം എന്നാണു ലോക പ്രശസ്തരായ ഈ കായിക പ്രതിഭകള്‍ നമുക്ക് കാണിച്ചു തന്നത് !

    ReplyDelete
    Replies
    1. നാട്ടിലെ ഫുട്ബാള്‍ കളികാരെയും ക്രിക്കെറ്റ് കളിക്കാരെയും തേടി കണ്ടു പിടിച്ചു ട്രെയിനിംഗ് കൊടുക്കല്‍ മാത്രമല്ലല്ലോ സര്‍ക്കാരുകളുടെ ജോലി.
      <<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
      ഫുട്ബോളിനായാലും ക്രിക്കറ്റിനായാലും അസോസിയേഷനുകളുണ്ട്. അവയെയൊക്കെ നിയന്ത്രിക്കാന്‍ കായിക വകുപ്പും. ഇവരുടെയൊക്കെ ജോലി എന്താണ്?
      പ്രതിഭ ഉണ്ടായിട്ടും എത്രയെത്ര പേര്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്...പ്രതിഭ ഉണ്ടായിട്ടും അവസരത്തിന്റെ ഓട്ടോറിക്ഷയെയും കാത്ത് കഴിയുന്ന ഒരുപാട് പേര്‍ ഉണ്ട് നമ്മുടെ നാട്ടില്‍..
      സാവിയും, മെസ്സിയും, പുയോളും, പിക്കെയും, പെഡ്രോയുമെല്ലാം ബാര്‍സയുടെ അക്കാദമിയില്‍ ആറാം വയസ്സ് മുതല്‍ ഒപ്പം കളിക്കുന്നു. ഇത് തന്നെയാണ് ലോകത്തേറ്റവും മനോഹരമായ പാസിംഗ് ഗെയിം കളിക്കുന്ന ബാര്‍സലോണയുടെ വിജയരഹസ്യം. സ്പെയിനില്‍ അത്തരം പദ്ധതികള്‍ ആവിഷകാരിച്ച് നടപ്പിലാക്കിയതിന്‍റെ ഫലമായിട്ടാണ് അവര്‍ ഇന്ന് ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരുമൊക്കെയായി ലോക ഫുട്ബോളിന്‍റെ അമരക്കാരായി മാറിയത്.

      Delete
    2. പ്രതിഭ ഉണ്ടെന്നും പറഞ്ഞു അസോസിയേഷന്റെ വിളിയും കാത്തു വീട്ടില്‍ ഇരുന്നാല്‍ അവസരം കിട്ടില്ല. "where there's will there's way" എന്നാണു. അവസരം നമ്മള്‍ കണ്ടു പിടിക്കണം ! ബാര്‍സലോണ ഒരു പ്രോഫോഷനല്‍ ക്ലബ് ആണ്. സാവിയെയും ,മെസ്സിയെയും ഒക്കെ അവര്‍ക്ക് തീറ്റിപ്പോറ്റി വലിയ കളിക്കാര്‍ ആക്കാം. അതൊക്കെ ഇവിടെ നടക്കണം എന്ന് വാശി പിടിച്ചാല്‍ നടക്കുമോ? സ്വകാര്യ ക്ലബുകള്‍ വിചാരിച്ചാല്‍ വല്ലതും നടക്കും. മോഹന്‍ ബഗാന്‍ ഒക്കെ അങ്ങനെ ചെയ്യുന്നുണ്ട്. പട്ടിണിയും,തൊഴിലില്ലായ്മയും,രാഷ്ട്രീയ പ്രശ്നങ്ങളും ഒക്കെയുള്ള ഇന്ത്യ പോലെയുള്ള വലിയൊരു രാജ്യത്ത് ഈ കാര്യങ്ങളില്‍ എല്ലാം ഗവന്മേന്റ്റനു ഇടപെടാന്‍ ചിലപരിമിതികള്‍ ഉണ്ടാകും.

      Delete
    3. എവിടെയാണ്‌ കേരളത്തിനു പിഴക്കുന്നത്‌ എന്ന ചോദ്യത്തിന്‌ പോലും പ്രസക്തിയില്ലാത്ത അവസ്ഥയാണ്‌ നമ്മുടെ ഫുട്‌ബോളിലിപ്പോള്‍. പരിഹാര ക്രിയകള്‍ പറഞ്ഞും എഴുതിയും കായിക വിദഗ്‌ധര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മടുത്തിരിക്കുന്നു. നിരവധി തവണ സന്തോഷ്‌ ട്രോഫി ദേശീയ സോക്കര്‍ കിരീടം സ്വന്തമാക്കിയ സംസ്ഥാനത്ത്‌ ഇന്ന്‌ ഫുട്‌ബോള്‍ ഭരണമില്ല. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന കടലാസ്‌ സംഘടനയും അതിനെ നയിക്കാന്‍ ഒരു പറ്റം വയോധികരുമുണ്ടെന്നത്‌ മാറ്റിനിര്‍ത്തിയാല്‍ പിന്നെ പ്രധാന നേട്ടം വാചകമടിയാണ്‌... രാജ്യത്തിന്റെ ഏത്‌ മുക്കിലും മൂലയിലും ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നടന്നാല്‍ കാണികളുടെ കൂട്ടത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇരച്ചെത്തുന്ന കാലത്തില്‍ നിന്ന്‌ ഇന്ന്‌ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ വാര്‍ത്ത പത്രത്താളുകളിലെ ചെറിയ വാര്‍ത്ത മാത്രമാവുന്നു.

      Delete
    4. ഇവിടെയാണ്‌ കായിക മന്ത്രിയുടെ ഇടപെടലുകളും പ്രസരിപ്പും അത്യാവശ്യമാവുന്നത്‌. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഉള്‍പ്പെടെ നമ്മുടെ കായികഭരണ കേന്ദ്രങ്ങളെ അടിമുടി മാറ്റാന്‍ തല്‍ക്കാലം ആര്‍ക്കുമാവില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ എല്ലാ പോരായ്‌മകളും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനുണ്ട്‌്‌. സ്വയം നിര്‍മിത ചട്ടക്കൂട്ടില്‍ നിന്ന്‌ കൗണ്‍സില്‍ മാറാനും പോവുന്നില്ല. രാഷ്‌ട്രീയ കാറ്റ്‌ പോലെ ആരെങ്കിലുമൊരാള്‍ കൗണ്‍സിലിന്റെ തലപ്പത്ത്‌ വരും. ജില്ലകളിലും രാഷ്‌ട്രീയ പ്രാതിനിധ്യമാണ്‌ കൗണ്‍സിലിനെ നയിക്കുന്നത്‌. അവര്‍ തന്നിഷ്‌്‌ടക്കാരെ കുത്തിനിറക്കുന്ന പതിവ്‌ ജോലികളില്‍ മുഴുകും. കൗണ്‍സില്‍ കഴിഞ്ഞാല്‍ ഓരോ ഗെയിമിന്റെയും ഭരണത്തിനായി അസോസിയേഷനുകളുണ്ട്‌. അവരും പരമ്പരാഗതവാദികള്‍ തന്നെ. വര്‍ഷത്തിലൊരിക്കല്‍ പ്രായാടിസ്ഥാനത്തില്‍ ടീം തെരഞ്ഞെടുപ്പ്‌. ഈ സെലക്ഷന്‍ തന്നെ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യമാണ്‌. സീനിയര്‍, ജൂനിയര്‍ അടിസ്ഥാനത്തില്ലെല്ലാം സെലക്ഷന്‍ പ്രക്രിയയുണ്ട്‌. സംസ്ഥാന ടീമുകള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കും. എന്തെങ്കിലും നേട്ടമുണ്ടായാല്‍ ടീമിന്‌ സ്വീകരണം നല്‍കും. സര്‍ക്കാര്‍ കനിഞ്ഞാല്‍ ചെറിയ സാമ്പത്തിക സഹായം പ്രൈസ്‌ മണിയുടെ രൂപത്തില്‍ ലഭിക്കും. ഈ ട്രാക്കില്‍ നിന്ന്‌ വ്യതിചലിക്കാന്‍ ശ്രമിച്ചാലും നിലവിലെ കെട്ടുപാടുകളില്‍ നിന്ന്‌ മോചനമുണ്ടാവില്ല.

      Delete
  6. കൊള്ളാം ... നല്ല ലേഖനം

    ReplyDelete
  7. ഈ മഷിയില്‍ വായിച്ചിരുന്നു.... വളരെ നല്ലലേഖനം. ഫുട്ബോള്‍ ഇന്നും നമ്മുടെ പ്രാണന്‍ ആണ് പക്ഷെ പ്രതിഭകള്‍ വരുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളിക്കാരുടെ പേര് തെറ്റാതെ പറയുന്ന ഒരു തലമുറ ഇവിടെ ഉണ്ട്. പക്ഷെ സ്വന്തം രാജ്യത്തിന്‍റെ കളികരുടെ മാത്രം പേരറിയില്ല

    ReplyDelete
  8. ഇ -മഷിയില്‍ വായിച്ചിരുന്നു വിശദമായ ഈ ലേഖനം...
    കാര്യ ഗൌരവ പൂര്‍വ്വം പരിഗണിപ്പിക്കപ്പെടെണ്ട ഒരു വിഷയമാണ് ..
    ഏതെങ്കിലും ഒരു സ്പോര്‍ട്സ് മഗസിനിലൂടെയോ പത്ര താളുകളിലൂടെയോ ഭരണ വര്‍ഗ്ഗത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ വലിയ ഒരു ഉദ്യമവും.. ശ്രദ്ധിക്കപ്പെടുന്ന ഒരു ലേഖനവും ആകുമെന്നതില്‍ സംശയമില്ല ...

    ReplyDelete
  9. ഇ -മഷിയില്‍ വായിച്ചിരുന്നു. വളരെ നല്ല ലേഖനം. ചര്‍ച്ചചെയ്യപെടേണ്ട വിഷയം തന്നെ.

    ReplyDelete
    Replies
    1. ഇന്ത്യന്‍ ഫുട്ബാള്‍ ഇനിയും വികസിക്കണമെങ്കില്‍ അടിവേര്‌ തലത്തിലെ പദ്ധതികള്‍ ആവിഷ്കരിക്കേണ്‌ടിയിരിക്കുന്നു. പ്രതിഭകളെ കണ്‌ടെത്തി പരിശീലിപ്പിച്ച്‌ രാജ്യാന്തര കളിക്കാര്‍ക്കൊപ്പം കളിക്കാനവസരം നല്‍കി അവരെ മുന്നോട്ട്‌ കൊണ്‌ട്‌ വന്നാലേ ഒരൊ ടീം എന്ന നിലയില്‍ നമ്മൂടെ രാജ്യത്തിന്‌ മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയൂ ഇ-മഷിയില്‍ നേരത്തെ വായിച്ചിരുന്നു ആശംസകള്‍

      Delete
  10. മികച്ച ലേഖനം.
    മുഖ്യധാരാ മാദ്യമങ്ങളില്‍ വരേണ്ടത്താണ് ഈ ലേഖനം.
    പ്രതിഭകളെ വളര്‍ത്തി കൊണ്ട് വരാന്‍ ഉള്ള ഉത്തരവാധിത്വം തീര്‍ച്ചയായും ഭരണ കൂടങ്ങള്‍ക്ക് ഉണ്ട്. കയ്യിട്ടു വാരാന്‍ മാത്രം ഉള്ളതാണ് ഭരണകൂടങ്ങള്‍ എന്ന് ചിലര്‍ തെറ്റിദ്ധരിച്ചു എന്ന് മുന്‍കമന്റുകള്‍ കണ്ടപ്പോള്‍ തോന്നി !!!

    ReplyDelete
  11. മികച്ചൊരു ലേഖനമാണ്.... വായികുമ്പോള്‍ അറിയാം എല്ലറ്റിനെകുറിച്ചും നല്ല രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു.. എല്ലാരും പറഞ്ഞതുപോലെ മുഖ്യധാര മാധ്യമങ്ങളില്‍ വരേണ്ട ലേഖനം..

    ReplyDelete
  12. ഓരോ കായിക വിനോദവും തലമുറയില്‍ നിന്ന് തലമുറയിലേക്ക് പകരുകയാണ് അങ്ങനെ ആണ് അതിന്റെ വളര്‍ച്ച ഉണ്ടാകുന്നത്
    പക്ഷെ ഇന്ന് കാല്‍ പന്തിനെ തകര്‍ത്തത് ക്രിക്കെറ്റ് ആണ് എന്ന് പറയാതെ വയ്യ ക്രിക്കെറ്റ് നു സ്വാദീനം ഉണ്ടാക്കി കൊടുത്തത് നമ്മുടെ മാദ്യമങ്ങളും അവരുടെ കച്ചവട ലക്ഷ്യത്തിനു പറ്റിയ നല്ല വിനോദം ക്രിക്കെറ്റ് തന്നെ ആണ് നല്ല ലേഖനം മുനീര്‍

    ReplyDelete
  13. ഈ വിഷയത്തില്‍ നമ്മുടെ കായിക മന്ത്രാലയം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....ക്രിക്കറ്റ്‌ എങ്ങിനെ ജനപ്രിയമായോ ആ ചേരുവകള്‍ തന്നെ ഈ മേഖലയിലും പരീക്ഷിക്കേണ്ടിയിരിക്കുന്നു,അല്ലെങ്കില്‍ ഷാജു അത്താണിക്കല്‍ അഭിപ്രായപ്പെട്ടതു പോലെ സംഭവിക്കും

    ReplyDelete
  14. വളരെ നല്ലൊരു ലേഖനം

    ReplyDelete